സുരക്ഷിതമല്ല’; മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ച് പിതാവ്
സ്വന്തം മകളുടെ സുരക്ഷ ഉറപ്പാക്കാൻ നൂനത വിദ്യയുമായി ഒരു പിതാവ്. മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ എക്‌സിൽ വൈറലാണ്. നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാകിസ്ഥാനിലാണ് സംഭവം.
സിസിടിവി ക്യാമറ തലയില്‍ വെച്ച് പെൺകുട്ടി ഒരു ചാനലിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആരാണ് തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ചത് എന്ന ചോദ്യത്തിന് തന്റെ പിതാവാണ് ക്യാമറ സ്ഥാപിച്ചതെന്ന് അവർ മറുപടി നല്‍കി. പിതാവ് തന്റെ സെക്യൂരിറ്റി ഗാർഡാണ്, തന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമായിട്ടാണ് ഈ പ്രവർത്തി പിതാവ് ചെയ്തത്…പെൺകുട്ടി അഭിമുഖത്തിൽ പറയുന്നു. എന്നാൽ ക്യാമറ സ്ഥാപിക്കുമ്പോൾ പിതാവിനോട് എതിർപ്പ് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അവളുടെ മറുപടി.
കറാച്ചിയിൽ അടുത്തിടെ നടന്ന കൊലപാതകമാണ് പിതാവിനെ ഈ പ്രവർത്തിയിലേക്ക് നയിച്ചത്. സംഭവം കറാച്ചിയിലാകെ സുരക്ഷാ ആശങ്കകൾ ഉയർത്തിയിരുന്നു. ഇത് തനിക്ക് നേരെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ആരും ഇവിടെ സുരക്ഷിതരല്ലെന്നും പെൺകുട്ടി അഭിമുഖത്തിൽ കൂട്ടിച്ചേർക്കുന്നു.
“ഇത്നാ ഡിജിറ്റൽ ഭി ൻഹി ഹോനാ ഥാ” (ഇനി ഡിജിറ്റൽ ആവേണ്ട ആവശ്യമില്ല), “SheCTV ക്യാമറ” തുടങ്ങിയ പരിഹാസരൂപേണയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.