Friday, December 27, 2024
Latest:
KeralaTop News

സുഭദ്ര കൊലക്കേസ്; കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Spread the love

ആലപ്പുഴ കലവൂർ സുഭദ്ര കൊലക്കേസിൽ കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസിനെയും ശർമ്മിളയെയും അന്വേഷണ സംഘം പിടികൂടിയത്.

ആദ്യ ചോദ്യം ചെയ്യലിൽ തന്നെ കൊല നടത്തിയെന്ന് പ്രതികൾ സമ്മതിച്ചതായാണ് വിവരം. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലെ പത്തംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസിൽ മാത്യുസിന്റെ സുഹൃത്തും ബന്ധവുമായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സുഭദ്രയുടെ രണ്ടു സ്വര്‍ണവളകള്‍ ഉഡുപ്പിയില്‍ പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് നിര്‍ണായകമായത്. ഇതിന്റെ വിശദാംശങ്ങള്‍തേടി സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്.

ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്. ഒന്‍പതിനു പ്രതികള്‍ ഒളിവില്‍പ്പോയി.

അതിക്രൂരമായ കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. ആഭരണങ്ങള്‍ കവരുന്നതിന് ആസൂത്രിയമായി കൊല നടത്തിയെന്നാണു പ്രാഥമിക നിഗമനം. സുഭദ്രയെ കാണാനില്ലെന്ന മകന്റെ പരാതിയിലാണ് കടവന്ത്ര പോലീസ് കേസെടുത്തത്.