മതേതരത്വം കാക്കാന്‍ മുന്നില്‍ നിന്ന നേതാവ്, രാഷ്ട്രീയത്തിലെ സൗമ്യമുഖം; യെച്ചൂരിയെ അനുസ്മരിച്ച് നേതാക്കള്‍
ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായും ജനങ്ങളുമായും ഒരുപോലെ സുദൃഢമായ ബന്ധം പുലര്‍ത്തിയിരുന്ന വിപ്ലവ നേതാവെന്ന പേരും ഇന്ത്യാ മുന്നണിയിലെ കരുത്തനായ കമ്മ്യൂണിസ്റ്റ് സാന്നിധ്യമെന്ന വിടവും അവശേഷിപ്പിച്ചാണ് സീതാറാം യെച്ചൂരി യാത്രയാകുന്നത്. യെച്ചൂരി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് അവശേഷിപ്പിച്ച വലിയ ശൂന്യതയെ വലിയ വേദനയോടെയാണ് രാഷ്ട്രീയ ഭേദമന്യെ നേതാക്കള്‍ കാണുന്നത്. യെച്ചൂരിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരായ പോരാട്ടത്തിനുകൂടി ഏറ്റ തിരിച്ചടിയാണ് യെച്ചൂരിയുടെ വിയോഗമെന്ന് ആനി രാജയും പ്രതികരിച്ചു. ഉറ്റ സുഹൃത്തിനെ തനിക്ക് നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
പ്രിയ സഖാവിന്റെ വിയോഗത്തില്‍ ഏറെ വൈകാരികമായിട്ടായിരുന്നു ഡി രാജയുടെ പ്രതികരണം. തന്റെ പ്രീയപ്പെട്ട നേതാവിനെയാണ് നഷ്ടമായതെന്ന് പറഞ്ഞ് ഡി രാജ വിതുമ്പി. രാജ്യത്തിന്റെ മതേതര ചേരിയുടെ നഷ്ടമാണിതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജനാധിപത്യം കാത്ത നല്ല നേതാവിനെയാണ് നമ്മുക്ക് നഷ്ടമായതെന്ന് കെ കെ ശൈലജ പറഞ്ഞു. വര്‍ഗ്ഗീയതയില്‍ നിന്നും ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തിനായി ഇന്ത്യാ മുന്നണിയ്ക്കു വേണ്ടി മുന്നില്‍ നിന്ന് നയിച്ച അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ എല്ലാവര്‍ക്കും ആവേശം പകര്‍ന്നതായി സ്പീക്കര്‍ എഎന്‍ ഷംസീറും അനുസ്മരിച്ചു.
മതേതര കൂട്ടായ്മയെ ഒരുമിച്ച് ചേര്‍ക്കാന്‍ പരിശ്രമിച്ച യെച്ചൂരിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി. കറതീര്‍ന്ന കമ്മ്യൂണിസ്റ്റിനെയാണ് നഷ്ടമായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു യെച്ചൂരിയെന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, നടന്‍ മമ്മൂട്ടി തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിലൂടെ യെച്ചൂരിയുടെ വിയോഗത്തില്‍ അനുസ്മരണം രേഖപ്പെടുത്തി.