ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ട്, വെല്ലുവിളികൾ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെ’; മുഖ്യമന്ത്രി
ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്നും വെല്ലുവിളികൾ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായെന്ന വാർത്ത ഏറെ വേദനാജനകമാണ്. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.
ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.