KeralaTop News

‘സിപിഐമ്മിലെ കാവിവത്കരണത്തെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നു’: കെ.സുധാകരന്‍ എം.പി

Spread the love

എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിര്‍പ്പിനെ പോലും മറികടന്ന് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയേയും തിരുത്താന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്ക് കഴിയുന്നില്ല. അവര്‍ക്ക് നിലപാടുകള്‍ ബലികഴിച്ച് സിപിഐഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങേണ്ട ഗതികേടാണ്. സിപിഐഎമ്മിലും എല്‍ഡിഎഫിലും ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിച്ച് കാവിവത്കരണം ദ്രുതഗതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.ആര്‍എസ്എസിനോടുള്ള തീണ്ടിക്കൂടായ്മ സിപിഎം സൗകര്യപൂര്‍വ്വം മറന്നു. പ്രത്യയശാസ്ത്ര പരമായ വെല്ലുവിളിയാണ് സിപിഐഎം നേരിടുന്നത്.

ആര്‍എസ്എസ് ബന്ധം ഒരു ക്രെഡിറ്റായാണ് ഇപ്പോള്‍ സിപിഐഎം കാണുന്നത്. ആര്‍എസ്എസുമായി ലിങ്ക് ഉണ്ടാക്കാന്‍ ആരെയും ആശ്രയിക്കേണ്ട ഗതികേടില്ലെന്നും സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിനെ ബന്ധപ്പെടാന്‍ സൗകര്യമുള്ള പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു വെയ്ക്കുമ്പോള്‍ ആര്‍എസ്എസ് പ്രധാന സംഘടനയാണെന്നും അതിന്റെ നേതാക്കളെ കണ്ടതില്‍ എന്താണ് തെറ്റെന്നുമാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ചോദിക്കുന്നത്.

ഇപി ജയരാജനും ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച വിവാദത്തില്‍ താനും ബിജെപി നേതാക്കളെ കണ്ടിട്ടുണ്ടെന്നും അതിലെന്താ തെറ്റെന്നുമാണ് പിണറായി വിജയനും പരസ്യമായി ചോദിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് പ്രീണനം സിപിഐഎമ്മിനെ മൊത്തത്തില്‍ ഗ്രസിച്ചിരിക്കുകയാണ്.അവരുടെ ഇരട്ടമുഖം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. സംഘപരിവാര്‍ ചങ്ങാതിയായ മുഖ്യമന്ത്രിയുടെ കീഴില്‍ സിപിഐഎം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ച് വിചാരധാരയെ വഴികാട്ടിയായി സ്വീകരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
എഡിജിപി അജിത് കുമാറിനെപ്പോലെ സംഘപരിവാര്‍ ബന്ധമുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് ഇപ്പോള്‍ സ്വന്തം മുന്നണിയിലെ ഘടക കക്ഷിനേതാക്കളെക്കാള്‍ പ്രിയം. അതിനാലാണ് അദ്ദേഹം രമണ്‍ശ്രീവാസ്തവയെയും ലോക്‌നാഥ് ബെഹ്‌റയെയും പോറ്റിവളര്‍ത്തിയത്. എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ്ണസമ്മതത്തോടെയാണ്. അതിനാലാണ് മുഖ്യമന്ത്രി നടപടിയെടുക്കാന്‍ സങ്കേതികത്വം പറഞ്ഞ് എഡിജിപിക്ക് സംരക്ഷണം ഒരുക്കുന്നത്.

സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് ഒരു ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം എങ്കില്‍ തന്റേടമുള്ള മുഖ്യമന്ത്രിക്ക് നടപടിയെടുക്കുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. നേരത്തെ ഇതേ എഡിജിപിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ ഇത്തരം സാങ്കേതികത്വം മുഖ്യമന്ത്രിക്കുണ്ടായില്ല.

പക്ഷെ, ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടി വരുമ്പോള്‍ മുഖ്യമന്ത്രിക്ക് സാങ്കേതിക തടസ്സങ്ങളാണ്. ഇതിലൂടെ തന്നെ മുഖ്യമന്ത്രി ആര്‍എസ്എസിന് എത്രത്തോളം വിധേയപ്പെട്ടാണ് ഭരിക്കുന്നതെന്ന് വ്യക്തം.
ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ മഹാ അപരാധമായി കണ്ടെത്തിയ സിപിഐഎം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ വെട്ടിനിരത്തി ഒരു മൂലയ്ക്ക് ഇരുത്തിയാണ് സിപിഎം നേതൃത്വം ആര്‍എസ്എസ് ബന്ധമുള്ള മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ ന്യായീകരിക്കാന്‍ അധരവ്യായാമം നടത്തുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.