കൃത്യമായ ‘ഒഴിവാക്കൽ’ നടന്നു: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക
കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പേരുകൾ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയൻ എന്ന നിലയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഫെഫ്കക്ക് വിമർശനം ഉണ്ട്. പ്രധാന വിമർശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം.
ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങൾക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പന്ത്രണ്ടാം പേജിൽ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി. ഹേമ കമ്മറ്റി ഡബ്ല്യുസിസിയുമായി ഗ്രൂപ്പ് മീറ്റിംഗ് നടത്തി എന്ന് പറയുന്നു
എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കാണം.
ഇതെല്ലാം വ്യക്തമാക്കുന്നത് കൃത്യമായൊരു “ഒഴിവാക്കൽ” നടന്നിട്ടുണ്ടെന്നാണ്. ഏറ്റവും കൂടുതൽ ഈ റിപ്പോർട്ടിൽ പറയുന്നത് പ്രൊഡക്ഷൻ എക്സിക്യൂട്ടിവുകളെ കുറിച്ചാണ്. എന്നാല്‍ ഹേമ കമ്മിറ്റി അവരുടെ യുണിയൻ നേതാവിനെ എന്തുകൊണ്ട് ബന്ധപെട്ടില്ലെന്ന് അറിയില്ല. ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ ഹേമ കമ്മറ്റി നടത്തിയ പരാമർശം ദുഷ്ടലാക്കോടെയുള്ളതാണെന്നാണ് ഫെഫ്കയുടെ നിലപാട്.
സ്ത്രീ ശാക്തീകരണത്തിൽ ഡബ്ല്യുസിസിയുടെ പങ്കിനെ ഫെഫ്ക ആദരവോടെ കാണുന്നു. റിപ്പോർട്ടിൽ ആണധികാരത്തെ കുറിച്ചുള്ള ആശങ്കയുണ്ട് യ. എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേർത്തിരിക്കുന്നത് അതുകൊണ്ടാണ്. “ഒരു സംവിധായകനും ഛായാഗ്രാഹനും നന്നായി പെരുമാറി” എന്ന് റിപ്പോര്‍ട്ടില്‍ ചേർത്തതിന്‍റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും ഫെഫ്ക. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അവരുടെ പേര് പുറത്തു വരണം. ആ 15 പേരുകളും പുറത്തു വരണം എന്നാണ് ഫെഫ്ക പറയുന്നത്. അല്ലാതെ പുകമറ സൃഷ്ടിക്കരുത്, അവ്യക്ത മാറണം. സിനിമയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടൻ പവർ ഗ്രൂപ്പ് ആണ് പിന്നിൽ എന്നു പറഞ്ഞു ചിലർ മുന്നോട്ട് വരുന്നുണ്ട്, അത് അവസാനിക്കണം.
കോമ്പറ്റീഷൻ കമ്മിഷൻ നിയമം ജന വിരുദ്ധമാണ്. അതിൽ ഫെഫ്ക മാത്രം അല്ല മറ്റ് പലർക്കും പിഴ കിട്ടിയിട്ടുണ്ട്. അങ്ങനെ ആ നിയമത്തെ എതിർത്തിന്‍റെ പേരിൽ പിഴ കിട്ടിയെങ്കിൽ അതിൽ അഭിമാനിക്കുന്നു. രാവിലെ ആറു മണിക്ക് സാങ്കേതിക പ്രവർത്തകരും സംവിധായകനും എത്തും നടീ നടൻമാർ വരിക 11 മണിക്കാണ്. പുതിയ കോൾ ഷീറ്റ് വ്യവസ്ഥ വരണം. നിർമ്മാതാക്കളുടെ സംഘടനയ്ക്കും ഇതിൽ യോജിപ്പാണ്. പ്രധാന നടനും നടിക്കുംവേണ്ടി സാങ്കേതിക പ്രവർത്തകർ മണിക്കൂറുകളോളം സെറ്റിൽ കാത്തിരിക്കുന്ന അവസ്ഥ ഇനി അനുവദിക്കാൻ കഴിയില്ലെന്നും ഫെഫ്ക വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു