ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ; ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ മത്സരിക്കും; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും ഒപി ജിൻഡൽ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 74കാരിയായ അവർ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക നൽകിയത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് നീക്കം.
ഹിസാർ മണ്ഡലത്തിൽ ബിജെപി നിലവിലെ സംസ്ഥാന മന്ത്രി കമൽ ഗുപ്തയ്ക്കാണ് സീറ്റ് നൽകിയത്. ഹിസാർ തൻ്റെ കുടുംബമാണെന്നും ഇവിടുത്തെ ജനം താൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അവരുടെ ആഗ്രഹം സഫലീകരിക്കാനാണ് താൻ മത്സരിക്കുന്നതെന്നുമാണ് സാവിത്രി ജിൻഡൽ പറയുന്നത്. അവരോട് തനിക്ക് പറ്റില്ലെന്ന് പറയാൻ സാധിക്കില്ലെന്നും താൻ മത്സരിക്കുമെന്നും അവർ വ്യക്തമാക്കി.
മുൻപ് കോൺഗ്രസ് എംഎൽഎയായിരുന്ന സാവിത്രി പാർട്ടി വിട്ടിരുന്നു. ബി.ജെ.പിയോട് ആഭിമുഖ്യത്തോടെയായിരുന്നു പെരുമാറിയിരുന്നത്. എന്നാൽ താൻ ബിജെപിയിൽ ചേർന്നിരുന്നില്ലെന്നാണ് ഇപ്പോൾ സാവിത്രി വാദിക്കുന്നത്. എന്നാൽ ഇവരുടെ മകൻ നവീൻ ജിൻഡൽ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം.പിയാണ്. ഈ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് നവീൻ ബിജെപിയിൽ ചേർന്നത്. അതുവരെ കോൺഗ്രസിലായിരുന്നു ജിൻഡൽ കുടുംബം.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം മകനോട് സംസാരിച്ചിട്ടില്ലെന്ന് സാവിത്രി ജിൻഡൽ പറയുന്നു. ഫോർബ്സിൻ്റെ ധനികരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ള ഒരേയൊരു ഇന്ത്യാക്കാരിയാണ് സാവിത്രി ജിൻഡൽ. ഒ.പി ജിൻഡലിൻ്റെ മരണത്തിന് ശേഷമാണ് സാവിത്രി രാഷ്ട്രീയ രംഗത്തേക്ക് വന്നത്. 2005 ൽ ഹിസാറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച അവർ ഭൂപീന്ദർ സിങ് ഹൂഡ നയിച്ച കോൺഗ്രസ് സർക്കാരിൽ ഒൻപത് വർഷത്തോളം മന്ത്രിയായിരുന്നു. എന്നാൽ 2014 ൽ കമൽ ഗുപ്തയോട് പരാജയപ്പെട്ടതോടെയാണ് അവർക്ക് തിരിച്ചടിയേറ്റത്.
കോൺഗ്രസിൽ നിന്ന് താൻ രാജിവെച്ചിട്ടില്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളോട് ചർച്ച നടത്തിയിട്ടില്ലെന്നും സാവിത്രി പറയുന്നു. നാമനിർദ്ദേശ പത്രികയിൽ 270.66 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സാവിത്രി വെളിപ്പെടുത്തിയിരിക്കുന്നത്. 2014 ലെ പത്രികയിൽ വെളിപ്പെടുത്തിയ ആസ്തിയേക്കാൾ 200 ശതമാനം വർധനവാണ് അവരുടെ ആസ്തിയിലുണ്ടായിരുന്നത്. 113 കോടി രൂപയായിരുന്നു അന്നത്തെ ആസ്തി.