വയനാട് ദുരന്തം; കെ എസ് ഇ ബി 10 കോടി രൂപ കൈമാറി
വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെ എസ് ഇ ബിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ഇ ബി ജീവനക്കാരിൽ നിന്ന് സമാഹരിക്കുന്ന തുകയുടെ ആദ്യ ഗഡുവായ 10 കോടി രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
കെ എസ് ഇ ബി വിതരണവിഭാഗം ഡയറക്ടർ പി. സുരേന്ദ്ര, സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുഗദാസ്, ഫിനാൻഷ്യൽ അഡ്വൈസർ അനിൽ റോഷ് റ്റി എസ്, സീനിയർ ഫിനാൻസ് ഓഫീസർ ശിവശങ്കരൻ ആർ, പിആർഒ വിപിൻ വിൽഫ്രഡ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി – ഓഫീസർ സംഘടനകളുമായി ചെയർമാൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നൽകാനാണ് തീരുമാനിച്ചത്. സെപ്റ്റംബർ മാസം സമാഹരിച്ച ഒരു ദിവസത്തെ ശമ്പളത്തിനൊപ്പം വരും മാസങ്ങളിൽ കിട്ടാനുള്ള തുകയുടെ ഒരു ഭാഗം കൂടി മുൻകൂർ ചേർത്താണ് ആദ്യ ഗഡുവായി 10 കോടി രൂപ നൽകിയത്.