നിർണായക എൽ.ഡി.എഫ് യോഗം ഇന്ന്; മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും
എഡിജിപി എം ആർ അജിത് കുമാർ – ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ വിവാദം തുടരുന്നതിനിടെ നിർണായക എൽ.ഡി.എഫ് യോഗം ഇന്ന് ചേരും. എം.ആർ.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും. സർക്കാരിന്റെ പുതിയ മദ്യനയവും യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.
പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. എം.ആർ അജിത്കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം അത് പരസ്യമാക്കുകയും ചെയ്തു. തൃശ്ശൂർ പൂരം വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന സിപിഐ ആവശ്യത്തിനും പരിഗണന ലഭിച്ചിട്ടില്ല.
ഇന്ന് മുന്നണി യോഗം ചേരുമ്പോൾ സിപിഐക്ക് പുറമേ ആർ.ജെ.ഡി അടക്കമുള്ളവർ ഈ വിഷയം ഉന്നയിച്ചേക്കും. സംഘപരിവാർ വിരുദ്ധ പോരാട്ടമെന്ന് പരസ്യമായി പറയുമ്പോഴും, ആർഎസ്എസിന്റെ പ്രധാനിയുമായി പോലീസ് തലപ്പത്തുള്ളയാൾ കൂടിക്കാഴ്ച നടത്തിയതിൽ നടപടിയില്ലാത്തത് പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന് ഇട നൽകിയിട്ടുണ്ടെന്ന് ഘടകകക്ഷികൾക്ക് അഭിപ്രായമുണ്ട്. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും,അതിൽ റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറയാനാണ് സാധ്യത.
അജിത് കുമാറിനോട് മുമുഖ്യമന്ത്രി മൃദു സമീപനം സ്വീകരിക്കുന്നതിൽ സി.പി. ഐ.എമ്മിനുള്ളിലും എതിരഭിപ്രായമുണ്ട്. എന്നാൽ മുന്നണി യോഗത്തിൽ അത് ഉയർന്നു വരാൻ സാധ്യത കുറവാണ്. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിന്റെ വാക്കുകളും യോഗത്തിൽ വിമർശനത്തിന് വിധേയമായേക്കും.സംസ്ഥാന സർക്കാരിൻറെ പുതിയ മദ്യനയം സംബന്ധിച്ച ഏകദേശ ധാരണ സി.പി.ഐ.എം നേതൃതലത്തിൽ ഉണ്ടായിട്ടുണ്ട്. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണം എന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും അത് പൂർണമായി അംഗീകരിച്ചിട്ടില്ല. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഒന്നാം തീയതി ചില ഇളവുകൾ നൽകുന്നതാണ് പരിഗണയിൽ ഉള്ളത്.