KeralaTop News

കൊല്ലപ്പെട്ടത് സുഭദ്ര തന്നെ; മൃതദേഹം മക്കൾ തിരിച്ചറിഞ്ഞു

Spread the love

ആലപ്പുഴയിൽ വയോധികയെ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം മക്കൾ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടത് കടവന്ത്ര സ്വദേശിനി സുഭദ്ര തന്നെ. ആദ്യകാഴ്ചയിൽ തന്നെ മക്കൾ മൃതദേഹം സുഭദ്രയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മക്കളായ രാധാകൃഷ്ണനും രഞ്ജിത്തുമാണ് കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇനി നടത്തുന്ന ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷം മാത്രമേ പൂർണമായും ഇത് സുഭദ്ര തന്നെയാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.

ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. നൈറ്റി ധരിച്ച് വലതുഭാഗത്തേക്ക് തിരിഞ്ഞു കിടക്കുന്ന രീതിയിലാണ് മൃതദേഹം കുഴിയിൽ നിന്നും കണ്ടെത്തിയത്.

സുഭ​ദ്രയുടേത് കൊലപാതകം എന്നുതന്നെയാണെന്ന് പൊലീസ് നിഗമനം. ഇരു കൂട്ടരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നു എന്നും സൂചനകളുണ്ട്. സുഭദ്രയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ജോലിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കടകളിൽ ഉൾപ്പെടെ പണം പലിശക്ക് കൊടുത്ത ദിവസം പലിശ ഈടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന നിധിൻ മാത്യുസും ശർമിളയും ഒളിവിൽ എന്ന് ഡിവൈഎസ്പി പറഞ്ഞു. ആഗസ്റ്റ് നാലിനാണ് 73കാരിയായ സുഭദ്രയെ കാണാതായത്. തുടർന്ന് മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

നിധിൻ മാത്യുസുമായും ഭാര്യ ശര്മിളയുമായും സുഭദ്രക്ക് അടുപ്പമുണ്ടായിരുന്നു. ഈ വീട്ടിൽ സുഭദ്ര താമസിച്ചിരുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കഡാവർ നായയെ കൊണ്ട് പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് കുഴി തുറന്ന് പരിശോധിച്ചത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. സുഭദ്രയുടെ സ്വർണം മാത്യൂസും ശര്‍മിളയും കൈക്കലാക്കിയിരുന്നെന്നും അതേകുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്.