GulfTop News

ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചർച്ചകൾ വഴിമുട്ടി; നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തിൽ

Spread the love

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം അനിശ്ചിതത്വത്തിൽ. ഗോത്ര നേതാക്കളുമായുള്ള മാപ്പപേക്ഷ ചർച്ചകൾ വഴിമുട്ടി.പ്രാഥമിക ചർച്ചകൾക്കായുള്ള പണത്തിന്റെ രണ്ടാംഗഡു നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിന്ന് ലഭിച്ചില്ലെന്ന് സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ചർച്ചകളുടെ പുരോഗതിയോ പണത്തിന്റ കണക്കോ പങ്കുവയ്ക്കാൻ, സാമുവൽ ജെറോം തയ്യാറായില്ലെന്നാണ് ആക്ഷൻ കൗൺസിന്റെ വിശദീകരണം.

നിമിഷ പ്രിയയുടെ മോചനം അനിശ്ചിതത്വത്തിലായെന്നും ഗോത്ര നേതാക്കളുമായുള്ള മാപ്പ് അപേക്ഷ ചർച്ചകൾ വഴിമുട്ടി എന്നുമാണ് യെമനിലുള്ള സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം ജിബൂട്ടിയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചത്.

‘സേവ് നിമിഷ’ കമ്മിറ്റിയിൽ നിന്ന് പണത്തിൻ്റെ രണ്ടാം ഗഡു ലഭിച്ചില്ല എന്നതും, കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിന്റ വിശ്വസ്ഥൻ ഷെയ്ഖ് ഹുസൈൻ അബ്ദുല്ല അൽ സുവാദിക്ക്‌ ചർച്ചകൾക്കായി നിയമപരമായ അധികാരം ലഭിച്ചില്ല എന്നതാണ് തടസത്തിന് രണ്ടു കാരണങ്ങളായി അറിയിച്ചിരിക്കുന്നത്. ചർച്ചകളുടെ പുരോഗതിയോ ചർച്ചകൾക്കായി നൽകിയ പണത്തിന്റെ കണക്കോ നൽകാൻ സാമൂവൽ ജറോം തയ്യാറായില്ലെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ ബോധിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്ന് സാമൂവൽ ജെറോം അറിയിച്ചെന്ന് ആക്ഷൻ കൗൺസിൽ പറയുന്നു. അതിനാലാണ് രണ്ടാം ഗഡു നൽകാതിരുന്നത് എന്നാണ് വിശദീകരണം.