സുഭദ്രയെ കൂട്ടികൊണ്ടുവന്നത് എറണാകുളത്ത് നിന്ന്; വീട്ടിൽ മാത്യൂസിന്റെ ബന്ധുക്കളും; സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായി സൂചന
കൊച്ചി കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളത്ത് നിന്ന് സുഭദ്രയെ കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നാലാം തീയതിയാണ് സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത്. ആലപ്പുഴയിലെ വീട്ടിൽ സുഭദ്രയെ എത്തിക്കുമ്പോൾ കൂടെ മാത്യൂസിന്റെ ബന്ധുക്കൾ ഉണ്ടായിരുന്നതായി പൊലീസ്.
സുഭദ്ര എന്ന് സംശയിക്കുന്ന സ്ത്രീ മാത്യുവിന്റെ വീട്ടിൽ എത്തിയിരുന്നതായി അയൽവാസി കുട്ടച്ചൻ പ്രതികരിച്ചിരുന്നു. കൈയിൽ പിടിച്ചുകൊണ്ടാണ് വന്നത്. ഒപ്പം 4 പേർ ഉണ്ടായിരുന്നു. എറണാകുളംകാരിയാണ് പനി വന്നതിനാൽ കൊണ്ടുവന്നത് ആണെന്ന് പറഞ്ഞിരുന്നതെന്ന് കുട്ടച്ചൻ പറഞ്ഞു.
സുഭദ്രയുടേത് കൊലപാതകം എന്നുതന്നെയാണെന്ന് പോലീസ് നിഗമനം. ഇരു കൂട്ടരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നു എന്നും സൂചനകളുണ്ട്. സുഭദ്രയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ജോലിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കടകളിൽ ഉൾപ്പെടെ പണം പലിശക്ക് കൊടുത്ത ദിവസം പലിശ ഈടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന മത്യുസും ശർമിളയും ഒളിവിൽ എന്ന് ഡിവൈഎസ്പി പറഞ്ഞു. ആഗസ്റ്റ് നാലിനാണ് 73കാരിയായ സുഭദ്രയെ കാണാതായത്. തുടർന്ന് മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ ദമ്പതികളോടൊപ്പമാണ് സുഭദ്ര താമസിച്ചത്. പരിസരവാസികളിൽ നിന്ന് സുഭദ്ര കലവൂരിൽ എത്തിയ വിവരം ലഭിച്ചിരുന്നു. 2, 3ദിവസം ഇവരുടെ കൂടെ വീട്ടിൽ താമസിച്ചുവെന്നാണ് വിവരം. ദമ്പതികളെ കാണാതായതോടെയാണ് സംശയം വർധിച്ചത്. ശർമിള ഉഡുപ്പി സ്വദേശിയാണ്. പ്രതികൾക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മധുകുമാർ വ്യക്തമാക്കിയിരുന്നു.