KeralaTop News

പി ശശിയെ തല്ലിയും തലോടിയും എം വി ഗോവിന്ദന്‍; തിരുത്താന്‍ വേണ്ടിയാണ് പാര്‍ട്ടി നടപടിയെന്ന് പ്രതികരണം

Spread the love

പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ തല്ലിയും തലോടിയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ശശി പാര്‍ട്ടിക്കുവേണ്ടി ഏറെ പ്രവര്‍ത്തിച്ചയാളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മേഖലാ റിപ്പോര്‍ട്ടിങ് യോഗത്തില്‍ എം വി ഗോവിന്ദന്റെ പ്രതികരണം. തിരുത്താന്‍ വേണ്ടിയാണ് പാര്‍ട്ടി നടപടിയെടുത്തത്.
ജില്ലാ കമ്മറ്റി കൈക്കൊണ്ട നടപടികള്‍ സംസ്ഥാന കമ്മറ്റി അംഗീകരിക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അന്‍വറിന്റെ മറ്റ് പ്രതികരണങ്ങളിലും യോഗത്തില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഏതെങ്കിലും ആര്‍എസ്എസ് നേതാക്കളെ കാണുന്നത് തടയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന മുന്‍ നിലപാട് എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. മറ്റ് കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ അറിയിച്ചു. ആര്‍എസ്എസിനെ സഹായിക്കാന്‍ എഡിജിപി കൂട്ടുനിന്നെന്ന് അന്‍വര്‍ ആരോപിച്ചു. എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അജിത് കുമാറിനെ ഇനിയും ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇരുത്തി കേസുകള്‍ അന്വേഷിക്കുന്നത് തന്നെ കുരുക്കാനാണെന്ന് പി വി അന്‍വര്‍ പറഞ്ഞു.എന്നെ ഇല്ലായ്മ ചെയ്താലും വസ്തുതകള്‍ നിലനില്‍ക്കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. എല്ലാ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോണ്‍ ചോര്‍ത്തുന്നു എന്ന് എസ്പി സുജിത്ത് ദാസ് പറഞ്ഞെന്ന് അന്‍വര്‍ പറഞ്ഞു.