എ.ഡി.ജി.പി-ആർഎസ്എസ് കൂടിക്കാഴ്ച; മൗനം തുടർന്ന് മുഖ്യമന്ത്രി, മാധ്യമങ്ങളെ കണ്ടേക്കും
എ.ഡി.ജി.പി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി. കൂടിക്കാഴ്ച വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകൾ ഒത്തുതീർപ്പാനാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷം ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.
എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കണം എന്ന ആവശ്യം മുന്നണിക്കുള്ളിലും ശക്തമായി ഉയർന്നുവന്നിരുന്നു. എന്നാൽ ഇതിനും മുഖ്യമന്ത്രി ചെവി കൊടുത്തിട്ടില്ല. ആഭ്യന്തര വകുപ്പ് പ്രത്യേക റിപ്പബ്ലിക്കായി നിലകൊള്ളുന്നു എന്ന വിമർശനവും ഇടത് മുന്നണിക്കുളിൽ ശക്തമായി ഉയർന്നു വരുന്നുണ്ട്. ഇക്കാര്യത്തിൽ മുന്നണിക്കുള്ള അതൃപ്തി പരിഗണിച്ച് പരിഹാരമുണ്ടാക്കണം എന്ന ആവശ്യം സിപിഐ,എമ്മിനുള്ളിൽ തന്നെ ഉണ്ട്. ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ മറുപടി പറഞ്ഞേക്കും.
അതേസമയം എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ അറിയിച്ചു. ആര്‍എസ്എസിനെ സഹായിക്കാന്‍ എഡിജിപി കൂട്ടുനിന്നെന്ന് അന്‍വര്‍ ആരോപിച്ചു. എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അജിത് കുമാറിനെ ഇനിയും ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇരുത്തി കേസുകള്‍ അന്വേഷിക്കുന്നത് തന്നെ കുരുക്കാനാണെന്ന് പി വി അന്‍വര്‍ പറഞ്ഞു.എന്നെ ഇല്ലായ്മ ചെയ്താലും വസ്തുതകള്‍ നിലനില്‍ക്കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. എല്ലാ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോണ്‍ ചോര്‍ത്തുന്നു എന്ന് എസ്പി സുജിത്ത് ദാസ് പറഞ്ഞെന്ന് അന്‍വര്‍ പറഞ്ഞു.