അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് റാം മാധവ് വീണ്ടും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക്; ലക്ഷ്യം ജമ്മുവിലെ വിജയം മാത്രമോ?
ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ 2014 ൽ സർക്കാരിനെ നയിക്കാൻ ആർഎസ്എസിനെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു റാം മാധവ്. ബിജെപി അധികത്തിലെത്തുമ്പോഴെല്ലാം തങ്ങളുടെ പ്രതിനിധിയെ സർക്കാരിൻ്റെ ഭാഗമാക്കി നിർത്തുന്നത് പതിവാണെങ്കിലും ആർഎസ്എസിലും ബി.ജെ.പിയിലും റാം മാധവിൻ്റെ പെട്ടെന്നുള്ള വളർച്ച അപ്രതീക്ഷിതമായിരുന്നു. എന്നാൽ അഞ്ച് വർഷമായി ഭരണരംഗത്ത് അദ്ദേഹം ഉണ്ടായിരുന്നില്ല. ഇടവേളയ്ക്ക് ശേഷം റാം മാധവ് തിരികെ ബി.ജെ.പിയുടെ നേതൃത്വത്തിലേക്ക് എത്തുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയാണ് റാം മാധവിനെ ഏൽപ്പിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിക്കും ചുമതലയുണ്ട്. പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പാണിത്. കോൺഗ്രസും നാഷണൽ കോൺഫറൻസും ചേർന്നുള്ള സഖ്യവും പിഡിപിയും ബി.ജെ.പിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്.
2014 ൽ ജമ്മു കശ്മീരിൽ ബിജെപി വിജയത്തിൽ റാം മാധവ് നിർണായക പങ്ക് വഹിച്ചിരുന്നു. സംസ്ഥാനത്ത് 25 സീറ്റ് നേടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ബിജെപി ഉയർന്നത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. 28 സീറ്റ് ജയിച്ച പിഡിപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. നാഷണൽ കോൺഫറൻസിന് 15 സീറ്റ് മാത്രമാണ് നേടാനായിരുന്നത്. 2008 ൽ സംസ്ഥാനത്ത് 11 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. തൂക്കുസഭയെ തുടർന്ന് 2014 ൽ ഗവർണർ ഭരണം ഏർപ്പെടുത്തിയ സംസ്ഥാനത്ത് പൊതുമിനിമം പരിപാടി മുന്നോട്ട് വെച്ച് പിഡിപിയുമായി ചേർന്ന് ബി.ജെ.പിയുടെ സഖ്യ സർക്കാരിനെ അധികാരത്തിലേറ്റിയത് റാം മാധവായിരുന്നു. ഇതാണ് വീണ്ടും ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ ബിജെപി തീരുമാനിച്ചതിൻ്റെ കാരണം.
അടിയന്തിരാവസ്ഥ കാലത്ത് ഒളിവിലായിരുന്ന ആർഎസ്എസ് നേതാക്കൾക്ക് രഹസ്യ സന്ദേശങ്ങൾ എത്തിച്ചാണ് റാം മാധവ് പ്രവർത്തന രംഗത്തേക്ക് വരുന്നത്. അന്ന് ആർഎസ്എസിൻ്റെ ബാല കാര്യകർത്തയായിരുന്നു അദ്ദേഹം. എന്നാൽ ആർഎസ്എസ് നേതാക്കളുടെ പതിവ് രീതിയല്ല റാം മാധവിൻ്റേത്. വ്യത്യസ്ത നിറങ്ങളിലുള്ള ഖാദി വസ്ത്രങ്ങൾ ധരിക്കുന്ന അദ്ദേഹം മുന്തിയ സ്മാർട്ട്ഫോണും ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷിൽ സ്ഫുടമായി സംസാരിക്കുന്നതാണ് മറ്റൊരു സവിശേഷത.
2014 ൽ ബിജെപി അധികാരത്തിലെത്തിയ ശേഷം റാം മാധവിനെ ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ആർഎസ്എസും ബി.ജെ.പിയും തമ്മിലെ തർക്കങ്ങൾ ഇല്ലാതാക്കാൻ മുഖ്യ ഇടപെടൽ നടത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ജമ്മു കശ്മീരിലെത്തും മുൻപ് അസം കേന്ദ്രീകരിച്ചാണ് രണ്ട് വർഷത്തോളം റാം മാധവ് പ്രവർത്തിച്ചത്. സംസ്ഥാനത്ത് സർബാനന്ദ സോനോവാളിനെ ബിജെപി ക്യാംപിലെത്തിച്ച നിർണായക നീക്കത്തിന് ചുക്കാൻ പിടിച്ച റാം മാധവ് ബി.ജെ.പിക്ക് 126 ൽ 86 സീറ്റിൻ്റെ വമ്പൻ ഭൂരിപക്ഷവും നേടിക്കൊടുത്താണ് അസം വിട്ടത്.
ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിൽ റാം മാധവിന് പ്രധാന സ്ഥാനം ലഭിച്ചത്. മോദിയുടെ ആദ്യ അമേരിക്കൻ യാത്രയുടെ പിന്നണിയിൽ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ച റാം മാധവ് 2019 ൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നാണ് പ്രവചിച്ചത്. അധികം വൈകാതെ മോദിയുടെ വിശ്വസ്തരിൽ വിശ്വസ്തരുടെ ഗണത്തിൽ നിന്ന് റാം മാധവ് പുറത്തായി. 2019 ൽ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തിൽ റാം മാധവിന് ഒരു പങ്കും ഉണ്ടായിരുന്നില്ല. 2020 ൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പിന്നാലെ 2021 ൽ റാം മാധവിനെ ആർഎസ്എസ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർഎസ്എസിൻ്റെ തിങ്ക് ടാങ്ക് – ഇന്ത്യ ഫൗണ്ടേഷൻ്റെ ചുമതലയിലേക്കായിരുന്നു പിന്നീടുള്ള മാറ്റം.
ഈ കാലത്താണ് ബിജെപി കേന്ദ്ര നേതൃത്വവുമായി ആർഎസ്എസിൻ്റെ അകൽച്ച തുടങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആർഎസ്എസ് മേധാവിയുടെ തന്നെ ഭാഗത്ത് നിന്നുയർന്ന പരാമർശങ്ങൾ ഈ അകൽച്ച അടിവരയിട്ട് ഉറപ്പിച്ചു. കേന്ദ്ര ഭരണത്തിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്ന കാലത്താണ് റാം മാധവിൻ്റെ മടങ്ങിവരവ് എന്നതും ഈ ഘട്ടത്തിൽ പ്രധാനമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതായ ബി.ജെ.പിയെ പരിഹസിച്ച് ആർഎസ്എസ് നേതാക്കളിൽപലരും രംഗത്ത് വന്നിരുന്നു. റാം മാധവ് ഈ ഘട്ടത്തിൽ വിനയത്തിനുള്ള ജനവിധി എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആർഎസ്എസിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള റാം മാധവിൻ്റെ മടങ്ങി വരവ് ജമ്മു കശ്മീരിൽ ഭരണം പിടിക്കാൻ മാത്രം ലക്ഷ്യമിട്ടാണോ എന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.