KeralaTop News

ഫിറോസും റിയാസും മൈസൂരിൽ നിന്ന് ലോറി നിറയെ ലോഡുമായി മടങ്ങിവരവെ പ്രതീക്ഷിച്ചില്ല, മഞ്ചേരിയിൽ പിടിവീണു

Spread the love

മലപ്പുറം: രണ്ടര ലക്ഷം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ മലപ്പുറം മഞ്ചേരിയിൽ പൊലീസ് പിടിയിലായി. മൊത്തം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന രണ്ടര ലക്ഷം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ലോറിയിൽ നിന്ന് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. മൈസൂരിൽ നിന്ന് കടത്തിക്കൊണ്ട് വന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് സ്വദേശികളായ ചെറിയരക്കല്‍ ഫിറോസ്, കുറ്റിക്കോടന്‍ റിയാസ് എന്നിവരെ മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേരി അത്താണിക്കല്‍ വള്ളിപ്പാറകുന്നില്‍വെച്ചാണ് ലോറിയും പുകയില ഉൽപ്പന്നങ്ങളും കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്ന് മഞ്ചേരി എസ് എച്ച് ഒ സുനിൽ പുളിക്കൽ വ്യക്തമാക്കി. മലപ്പുറം ജില്ലയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. രണ്ടര ലക്ഷം നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാന്‍സ്, ചൈനി, തമ്പാക്ക് എന്നിവയാണ്‌ ലോറിയിലുണ്ടായിരുന്നത്.

പുല്ലൂരിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് ഇവരുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗോഡൗണിലേക്ക് ലോഡ് ഇറക്കുന്നതിനായി കൊണ്ടുവരുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. മരമില്ലിലെ ഈര്‍ച്ചപ്പൊടി സൂക്ഷിക്കുന്ന ആവശ്യത്തിനെന്ന് പറഞ്ഞാണ് ഗോഡൗണ്‍ വാടകക്കെടുത്തിരുന്നത്.