‘ബോണസ് വർധിപ്പിച്ചു’; തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു
ശമ്പള വർധനയും ബോണസ് വർധനയും അംഗീകരിച്ചതോടെ എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു.റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചത്. തൊഴിലാളികളുടെ ബോണസ് ആയിരം രൂപ വർദ്ധിപ്പിച്ച് 18,000 ആക്കി, ലോഡിങ് തൊഴിലാളികൾക്ക് 2700 രൂപ ശമ്പള വർദ്ധനവും പുഷ്ബാക്ക് ഡ്രൈവർമാരുടെ ശമ്പളം ഏകീകരിക്കുകയും പുഷ്ബാക്ക് ഓപ്പറേറ്റർമാരുടെ ശമ്പളത്തിൽ 10% വർദ്ധനവുമാണ് നൽകിയത്.1100 മുതൽ 2100 വരെയാണ് ഏകീകരിച്ച ശമ്പളമെന്ന് എയർപോർട്ട് കോൺട്രാക്ട് വർക്കേഴ്സ് സിഐടിയു പ്രസിഡൻറ് കല്ലറ മധു പറഞ്ഞു.
അതേസമയം, 450 ഓളം എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാർ ഇന്നലെ രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഈ പശ്ചാത്തലത്തിൽ വിദേശ സർവീസുകളടക്കം വൈകിയാണ് നടന്നിരുന്നത്. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കളോളം കെട്ടിക്കിടന്നതും പ്രതിസന്ധിയായിരുന്നു.എയർ ഇന്ത്യ സാറ്റ്സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാർഗോ നീക്കത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് രാവിലെ മുടങ്ങിയത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്. ഈ വിമാനത്തിലേക്ക് ആറ് ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയച്ച ശേഷം മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്‌മെൻറ് ശമ്പള പരിഷ്‌കരണം നടത്തിയില്ലെന്നുന്നയിച്ചായിരുന്നു തൊഴിലാളികളുടെ സമരം. 2022ലാണ് അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്.