KeralaTop News

എ.ഡി.ജി.പി അജിത്കുമാര്‍ –ആര്‍എസ്എസ് കൂടിക്കാഴ്ച; മൗനം പാലിച്ച് മുഖ്യമന്ത്രി

Spread the love

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ഉൾപ്പടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഗുരുതരാരോപണങ്ങൾ ഉയർന്നിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി.ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സർക്കാർ കടന്നിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്.

പി.വി അൻവർ കൊളുത്തി വിട്ടതാണെങ്കിലും എം.ആർ അജിത്കുമാറിനെതിരെയുള്ള
ആരോപണങ്ങൾ ചെന്നെത്തി നിൽക്കുന്നത് പ്രതിപക്ഷത്തിന്റെ കയ്യിലാണ്.ടി.പി സെൻകുമാറുമായി ബന്ധപ്പെട്ട വിഷയം ഉയർന്നു വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെ പരിഹസിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. സെൻകുമാർ ആർഎസ്എസ് പാളയത്തിലാണ് എന്ന് പറഞ്ഞായിരുന്നു അന്ന് പിണറായി വിജയൻ പ്രതിരോധം തീർത്തത്.

ആർഎസ്എസ് മേധാവിയുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയപ്പോൾ അതിനെതിരെ സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ വിമർശനം ഉയർത്തി.എന്നാൽ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പി ആർഎസ്എസിന്റെ ജനറൽ സെക്രട്ടറി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ചനടത്തിയതിൽ സർക്കാരിനും പാർട്ടിക്കും ഇപ്പോഴും മൗനമാണ്.

പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ കാര്യങ്ങൾ ചർച്ച ചെയ്ത് സി.പി.ഐ.എം നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ എം.വി ഗോവിന്ദൻ ന്യായീകരിക്കുകയും ചെയ്തു. എന്നാൽ വിവാദമുയർന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.എം.ആർ അജിത് കുമാറും,ആർ.എസ്.എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മുന്നണിക്കുള്ളിൽ തന്നെ എതിരഭിപ്രായമുണ്ട്. നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം കൂടി.

സംഘപരിവാർ വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് പറയുമ്പോഴും,അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ നടപടികൾ ഉണ്ടാവുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉണ്ട്. എം.ആർ അജിത്കുമാറിനെ ഇനിയും സംരക്ഷിച്ചു നിർത്താൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്.