Friday, January 24, 2025
Latest:
KeralaTop News

എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം വേണം, അത് പറയാനുള്ള മിനിമം ധൈര്യം സിപിഐ കാട്ടണം:എംഎം ഹസന്‍

Spread the love

തിരുവനന്തപുരം: സിപി ഐയെ തകര്‍ക്കുന്നതില്‍ ഗൂഢാലോചന നടത്തിയ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പൂരം കലക്കിയതില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പറയാനുള്ള മിനിമം ധൈര്യം സിപി ഐ കാണിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. സിപിഐയെ തൃശൂരില്‍ ഇരയാക്കിയതിന്‍റെ കാരണക്കാരനായ എഡിജിപിയെയാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്.

ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിട്ട് പോലും ശക്തമായ നിലപാട് സ്വീകരിക്കാന്‍ സിപി ഐക്ക് കഴിയുന്നില്ല. ഇത്തരം അവഗണനയ്‌ക്കെതിരെ മുന്‍പ് ശക്തമായി പ്രതികരിച്ച പാരമ്പര്യമാണ് സിപി ഐയുടേത്.സിപി ഐയുടെ ഗതികേടാണ് ഏറെ പരിതാപകരം.സിപിഎം-ആര്‍എസ്എസ് ബന്ധത്തിന്‍റെ ഇരയാണ് സിപി ഐ. എന്നിട്ടും ശക്തമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കാവുന്നില്ല. എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുയെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്നുമുള്ള ദുര്‍ബലമായ പ്രതികരണമാണ് സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്നും എംഎം ഹസന്‍ കുറ്റപ്പെടുത്തി.

സിപി ഐയെ ഇതുപോലെ അപമാനിച്ചതും ദ്രോഹിച്ചതുമായ കാലഘട്ടം ഉണ്ടായിട്ടില്ല. ഇടുതുമുന്നണിയിലെ തിരുത്തല്‍ കക്ഷിയെന്ന് അവകാശപ്പെട്ട സിപി ഐ ഇപ്പോള്‍ കരച്ചില്‍ കക്ഷിയായി അധപതിച്ചു. ഇടതുമുന്നണിയുടെ ആട്ടുംതുപ്പുമേറ്റ്, ആദര്‍ശങ്ങള്‍ പണയപ്പെടുത്തി വ്യക്തിത്വം നഷ്ടപ്പെട്ട പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരുന്ന സിപി ഐയോടുള്ളത് സഹതാപം മാത്രമാണ്.ഇടതുമന്നണിയുടെ ഇടനാഴിയില്‍ കിടന്ന് ആട്ടുംതുപ്പുമേല്‍ക്കാന്‍ സിപി ഐക്ക് കഴിയില്ലെന്നാണ് മുന്‍പ് ഇടതുമുന്നണി വിടാന്‍ ടി.വി.തോമസ് തന്റേടത്തോടെ പറഞ്ഞതെന്നും എംഎം ഹസന്‍ സിപി ഐ സംസ്ഥാന നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി.
ബിജെപി,ആര്‍എസ്എസ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരം ഇന്ത്യ സഖ്യത്തില്‍ അംഗമായ പാര്‍ട്ടിയാണ് സിപി ഐ. ഇന്ത്യ സഖ്യത്തിന്റെയും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച് ആര്‍എസ്എസുമായി സിപിഎം ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ സിപി ഐ ഇടതുമുന്നണി വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നതില്‍ ആത്ഭുതമില്ലെന്നും എംഎം ഹസന്‍ പറഞ്ഞു.
സിപി ഐയുടെ രണ്ടു സീറ്റികളില്‍ സിപിഎമ്മും ബിജെപിയും അന്തര്‍ധാരയുണ്ടെന്നും പിണറായി-മോദി അഡ്ജസ്റ്റുമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ചൂണ്ടിക്കാണിച്ചപ്പോഴും കോണ്‍ഗ്രസിനെ പരിഹസിച്ചവരാണ് സിപി ഐ. പുരം കലക്കി സിപിഎം തൃശൂര്‍ സീറ്റ് സ്വര്‍ണ്ണത്തളികയില്‍ വെച്ച് ബിജെപിക്ക് സമ്മാനിച്ചു.പൂരം കലക്കിയതില്‍ നടത്തിയ അന്വേഷണം വെറും പ്രഹസനമായിരുന്നു. അന്വേഷണ ചുമതല എഡിജിപി അജിത്കുമാറിന് നല്‍കിയത് കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിച്ചത് പോലെയായിരുന്നു.ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് പുറം ലോകം കണ്ടിട്ടില്ലെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിക്കുകയും നിലപാട് സ്വീകരിക്കാതെ ഒളിച്ചോടുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെയും എംഎംഹസന്‍ വിമര്‍ശിച്ചു.മുഖ്യമന്ത്രിയുടെ മാനസപുത്രനും പ്രതിനിധിയുമായാണ് എഡിജിപി ആര്‍എസ്എസ് നേതൃത്വത്തെ കണ്ടത്. അതില്‍ തെറ്റെന്താണെന്ന് ചോദിക്കുന്ന സിപിഎം സെക്രട്ടറിയാണ് മുന്‍പ് കേരള ഗവര്‍ണ്ണര്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭഗവതിനെ കണ്ടപ്പോള്‍ ഉറഞ്ഞുതുള്ളിയത്.സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയാണ് ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെയെയും റാം മാധവിനെയും കണ്ടത്. ഇപ്പോള്‍ മുന്‍നിലപാടില്‍ നിന്ന് വ്യത്യസ്തമായി എഡിജിപി മുഖ്യമന്ത്രിക്ക് വേണ്ടി നടത്തിയ ആര്‍എസ്എസ് കൂടിക്കാഴ്ചയെ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ന്യായീകരിക്കുന്നത്. ഈ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിക്കാന്‍ പോലും സിപിഎമ്മും മുഖ്യമന്ത്രിയും തയ്യാറാകുന്നില്ലെന്നും ഇത് പരിഹാസ്യമാണെന്നും എംഎം ഹസന്‍ പറഞ്ഞു.