KeralaTop News

അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ തന്നെ, അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; പിവി അൻവര്‍ എംഎല്‍എ

Spread the love

കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പിവി അൻവ‍ര്‍ എംഎല്‍എ. അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പിവി അൻവര്‍ എംഎല്‍എ ആരോപിച്ചു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാം എന്നായിരുന്നു അന്‍വറിന്‍റെ മറുപടി.

എന്തായാലും അജിത് കുമാര്‍ മാറും. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നത്. മാമിയെ എനിക്ക് നേരത്തെ അറിയില്ലെന്നും അൻവര്‍ പറഞ്ഞു.ഇപ്പോൾ രൂപീകരിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം ഉണ്ട്. സിബിഐ വരണമെന്ന ആവശ്യത്തിൽ നിന്നും തൽക്കാലം പിന്മാറാൻ കുടുംബത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പിവി അൻവര്‍ പറഞ്ഞു.

പി ശശിക്കെതിരായ ആരോപണത്തിൽ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന് കാര്യങ്ങൾ വഴി തിരിച്ചു വിടേണ്ട എന്നായിരുന്നു അന്‍വറിന്‍റെ പ്രതികരണം. ഇനി രാഷ്ട്രീയ ആരോപണം ഉണ്ടാവില്ല. ഇനി രാഷ്ട്രീയം പറയാൻ ഇല്ല. പൊലീസ് അന്വേഷണത്തിൽ മാത്രം ആണ് മറുപടിയെന്നും പിവി അന്‍വര്‍ പറഞ്ഞു. മാമിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവര്‍.