ജൂനിയർ ഡോക്ടറുടെ കൊലപാതകം; നുണ പരിശോധനയിൽ കുറ്റം നിഷേധിച്ച് മുഖ്യപ്രതി സഞ്ജയ് റോയ്
നുണ പരിശോധനയിൽ ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയെന്ന കുറ്റം നിഷേധിച്ച് മുഖ്യപ്രതി സഞ്ജയ് റോയ്. താൻ സെമിനാർ ഹാളിൽ എത്തുമ്പോൾ ഡോക്ടർ മരിച്ച നിലയിൽ ആയിരുന്നുവെന്നും മൃതദേഹം കണ്ട് താൻ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് നുണ പരിശോധനയിൽ സഞ്ജയ് റോയ് പറഞ്ഞത്. താൻ നിരപരാധി ആണെന്നും പൊലീസ് തന്നെ കേസിൽ പെടുത്തുക ആയിരുന്നു എന്നുമാണ് മൊഴി.
നേരത്തെ കുറ്റം ഏറ്റു പറഞ്ഞ ശേഷമാണ് സഞ്ജയ് റോയ് നുണ പരിശോധനയിൽ മൊഴി മാറ്റിയത്.ആഗസ്റ്റ് 25 ന് കൊൽക്കത്ത പ്രസിഡൻസി സെൻട്രൽ ജയിലിൽ വച്ചു നടത്തിയ നുണ പരിശോധനയിലാണ് സഞ്ജയ് റോയ് കുറ്റം നിഷേധിച്ചത്.10 ചോദ്യങ്ങൾ ആണ് നുണ പരിശോധനയിൽ സിബിഐ സഞ്ജയ് റോയിയോട് ചോദിച്ചത്. എന്നാൽ നുണ പരിശോധനയിലെ മൊഴി കോടതി തെളിവായി സ്വീകരിക്കുകപതിവില്ല.
ഓഗസ്റ്റ് ഒൻപതിനാണ് അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി വിദ്യാർഥിനിയായ ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഡോക്ടറുടെ ശരീരത്തിൽനിന്ന് 150 മില്ലി ബീജം കണ്ടെത്തിയതിനെത്തുടർന്ന് കൂട്ടബലാത്സംഗമാണ് നടന്നതെന്ന് കുടുംബം കോടതിയിൽ ആരോപിക്കുകയായിരുന്നു.