Top NewsWorld

വെസ്റ്റ് ബാങ്കില്‍ ടര്‍ക്കിഷ്-അമേരിക്കന്‍ യുവതി ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

Spread the love

അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച അരങ്ങേറിയ പ്രതിഷേധത്തിനിടെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 26 കാരിയായ ടര്‍ക്കിഷ്-അമേരിക്കന്‍ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്റ്റ പട്ടണത്തിലെ ജൂത കുടിയേറ്റ വിപുലീകരണത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെ, ഐസെനൂര്‍ എസ്ഗി എയ്ഗി ആണ് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. തുര്‍ക്കി പൗരത്വം കൂടിയുള്ള അയ്സെനുര്‍ എസ്ഗി എയ്ഗിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഇ്സ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇസ്രായേല്‍ സൈന്യം എയ്ഗിയെ വെടിവെച്ചുകൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം പ്രശ്‌നം അമേരിക്കയുടെ പ്രതികരണത്തിന് വഴിവെച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ‘ദാരുണമായ നഷ്ടം’ എന്ന് എയ്ഗിയുടെ കൊലപാതകത്തെ അപലപിച്ചപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ ഇസ്രായേലി നടപടിയെ ‘ക്രൂരത’ എന്നാണ് വിശേഷിപ്പിച്ചത്. ”ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അത് പങ്കിടും. ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും.”-ബ്ലിങ്കന്‍ പ്രതികരിച്ചു. പലസ്തീന്‍ അനുകൂല ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്മെന്റുമായുള്ള പ്രതിഷേധത്തില്‍ ആദ്യമായാണ് എയ്ഗി പങ്കെടുക്കുന്നതെന്ന് ഒരു സഹ പ്രതിഷേധക്കാരന്‍ ബിബിസിയോട് വെളിപ്പെടുത്തിയിരുന്നു. നേരത്തെ, എയ്ഗിയുടെ പൗരത്വം സ്ഥിരീകരിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍, അവളുടെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അടിയന്തിരമായി ശേഖരിക്കുകയാണെന്ന് പറഞ്ഞിരുന്നു. എയ്ഗിയുടെ കുടുംബത്തിനോട് മില്ലര്‍ അനുശോചനമറിയിച്ചിരുന്നു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷക്ക് ഉയര്‍ന്ന മുന്‍ഗണന ഇല്ലെന്ന് ഇസ്രായേലിലെ യുഎസ് അംബാസഡര്‍ ജാക്ക് ലൂവും പ്രതികരിച്ചിരുന്നു.