KeralaTop News

ആശങ്കയായി എച്ച്1എന്‍1; പടന്നക്കാട് കാര്‍ഷിക കോളേജിലെ 5 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Spread the love

കാസര്‍കോട് പടന്നക്കാട് എച്ച്1എന്‍1 രോഗബാധ സ്ഥിരീകരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ ഉണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കാണിച്ച വിദ്യാര്‍ഥികളുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് പരിശോധന ഫലം പുറത്തു വന്നത്. രോഗം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ എച്ച്1എന്‍1 ബാധിച്ച് എറവ് സ്വദേശി മരിച്ചിരുന്നു. എറവ് സ്വദേശിനി മീനയാണ് മരിച്ചത്. എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

ഇന്‍ഫഌവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവില്‍ വൈദ്യശാസ്ത്രത്തിലുണ്ട്.