KeralaTop News

പ്രതിപക്ഷ നേതാവിനാണ് അജിത് കുമാറുമായി ബന്ധം, ലക്ഷ്യം പുനര്‍ജനി കേസ് അന്വേഷിക്കാതിരിക്കല്‍, ഇ ഡി അന്വേഷണം ആവശ്യപ്പെടാനുണ്ടോ?’ വെല്ലുവിളിച്ച് അന്‍വര്‍

Spread the love

എഡിജിപി എം ആര്‍ അജിത് കുമാര്‍- ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെ വെല്ലുവിളിയുമായി പി വി അന്‍വര്‍. എം ആര്‍ അജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവിനാണ് ആര്‍എസ്എസ് ബന്ധമെന്നും പി വി അന്‍വര്‍ തിരിച്ചടിച്ചു. പുനര്‍ജനി കേസില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെടണമെന്ന് പറയാന്‍ പ്രതിപക്ഷേ നേതാവിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അജിത് കുമാര്‍ ദത്താത്രേയ ഹൊസബാളയെ കണ്ടത് താന്‍ മനസിലാക്കിയെന്ന് കണ്ടപ്പോള്‍ വി ഡി സതീശന്‍ അന്ന് അടിയന്തരമായി പത്രസമ്മേളനം വിളിച്ച് കൂടിക്കാഴ്ചയുടെ കാര്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു. പുനര്‍ജനി കേസില്‍ ഇ ഡി അന്വേഷണം വന്നാല്‍ അതില്‍ വി ഡി സതീശന്‍ കുടുങ്ങും. പുനര്‍ജനി കേസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ആര്‍എസ്എസുമായി വി ഡി സതീശന്‍ ബന്ധപ്പെട്ടതെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുനര്‍ജനി കേസില്‍ നിന്ന് രക്ഷപ്പെടാനായി തൃശൂര്‍ സീറ്റാണ് പ്രതിപക്ഷം വാഗ്ദാനം ചെയ്തതെന്ന് പി വി അന്‍വര്‍ ആരോപിക്കുന്നു. തൃശൂരില്‍ ആരുടെ വോട്ടാണ് പോയതെന്ന് വോട്ടുകള്‍ പരിശോധിച്ചാല്‍ മനസിലാകും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് വി ഡി സതീശന് വിവരം കിട്ടുന്നതിനേക്കാള്‍ മുന്‍പ് തനിക്ക് വിവരം ലഭിച്ചിരുന്നെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.