KeralaTop News

മുൻകൂർ ജാമ്യ ഉത്തരവ് പരിധി വിട്ട ഉത്തരവ്: മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

Spread the love

ബലാത്സംഗക്കേസിൽ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പ്രൊസിക്യൂഷൻ അപ്പീൽ നൽകും. സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാകും അപ്പീൽ. അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുൻകൂർ ജാമ്യ ഉത്തരവെന്ന് വിലയിരുത്തൽ.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കും. പതിനഞ്ച് വർഷം പഴക്കമുള്ള കേസെന്ന ലാഘവത്തോടെ കാണാനാകില്ല. വിശദമായ മുൻകൂർ ജാമ്യ ഉത്തരവ് പരിധി വിട്ട ഉത്തരവെന്നും സർക്കാർ വിലയിരുത്തൽ. 19 പേജിൽ കേസിലെ വസ്തുതകൾ വിശദമായി ചർച്ച ചെയ്യേണ്ടിയിരുന്നില്ലെന്നും കേസിന്റെ വിശദമായ വിലയിരുത്തൽ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നില്ലെന്നും പ്രോസിക്യൂഷൻ നൽകുന്ന അപ്പീലിൽ ചൂണ്ടിക്കാട്ടും.

ജസ്റ്റിസ് ഹണി എം വർഗീസിന്റെ ബെഞ്ചാണ് മുകേഷിന് ജാമ്യം അനുവദിച്ചിരുന്നത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നാണ് മുൻകൂർ ജാമ്യ ഉത്തരവിൽ പറയുന്നത്. പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിലും മാധ്യമങ്ങളോട് പറഞ്ഞതിലും വൈരുധ്യമുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായത് 2009ലെന്നാണ് പരാതിക്കാരി പൊലീസിന് നൽകിയ മൊഴി. ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂവിൽ പരാതിക്കാരി ആവർത്തിച്ചത് സംഭവം 2013ൽ എന്നാണ്. സമൂഹത്തിന്റെ വികാരത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും സെഷൻസ് കോടതി ഉത്തരവിൽ പറയുന്നു.