KeralaTop News

എഡിജിപി എവിടെയെങ്കിലും പോയതിന് സിപിഐഎമ്മിന് എന്ത് ഉത്തരവാദിത്തമെന്ന് എം വി ഗോവിന്ദന്‍; കൂടിക്കാഴ്ചയെ നിസാരമായി കാണാതെ സിപിഐയും കോണ്‍ഗ്രസും

Spread the love

പി വി അന്‍വര്‍ എംഎല്‍എ തുടക്കമിടുകയും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത എഡിജിപി എം ആര്‍ അജിത് കുമാര്‍- ആര്‍എസ്എസ് കൂടിക്കാഴ്ചാ വിവാദത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ തന്നെ സമ്മതിച്ച പശ്ചാത്തലത്തില്‍ വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിപിഐ പറഞ്ഞെങ്കിലും എഡിജിപി ആരെങ്കിലെയുമൊക്കെ പോയാല്‍ സിപിഐഎമ്മിനെന്ത് ഉത്തരവാദിത്തമെന്നാണ് എം വി ഗോവിന്ദന്‍ ചോദിക്കുന്നത്. അതേസമയം തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ഉള്‍പ്പെടെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ ഫലമാണെന്ന ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം.

എഡിജിപി എവിടെയെങ്കിലും പോയാല്‍ നമ്മുക്കെന്ത് ചെയ്യാനാകുമെന്ന് നിസാരമായി പ്രതികരിച്ച് മറ്റ് ചോദ്യങ്ങള്‍ ഒഴിവാക്കുകയാണ് ഇന്ന് എം വി ഗോവിന്ദന്‍ ചെയ്തത്. എന്നാല്‍ മാധ്യമങ്ങളിലൂടെ വരുന്ന ആരോപണങ്ങള്‍ സത്യമെങ്കില്‍ അത് ഗൗരവതരമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാര് പറഞ്ഞു. എഡിജിപി ദത്താത്രേയ ഹൊസബാളയെ കണ്ടത് എന്തിനെന്ന് അറിയാന്‍ കേരളത്തിന് ആകാംഷയുണ്ടെന്ന ശക്തമായ പ്രസ്താവനയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരിക്കുന്നത്. തൃശൂര്‍ പൂരം കലക്കിയത് ആരെന്ന് അറിയണമെന്നാണ് സിപിഐ നിലപാട്.

കൂടിക്കാഴ്ചയെക്കുറിച്ച് സര്‍ക്കാരിന് മുന്‍പേ അറിയാമായിരുന്നെന്ന സൂചന കൂടി വന്ന സ്ഥിതിക്ക് സിപിഐഎം- ബിജെപി അന്തര്‍ധാരയെന്ന മുന്‍ വിമര്‍ശനങ്ങള്‍ കൂടുതല്‍ മൂര്‍ച്ചയോടെ ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. ആര്‍എസ്എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം ആര്‍ അജിത് കുമാറെന്ന് രമേശ് ചെന്നിത്തല പ്രതികരിക്കുന്നു. കൂടിക്കാഴ്ചയ്ക്ക് മുന്‍കൈയെടുത്തത് പിണറായി വിജയനാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. തൃശൂര്‍ മാത്രമല്ല തിരുവനന്തപുരത്തും വോട്ട് മറിഞ്ഞിട്ടുണ്ട്. തീരദേശം ശശി തരൂരിന് ഒപ്പം നിന്നതുകൊണ്ടാണ് അവിടെ ബിജെപി വിജയിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.