സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തി; സുനിതയും ബുച്ചുമില്ലാതെ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഏകാന്തമായി സ്റ്റാര്‍ലൈനറിന്റെ മടക്കം. പേടത്തിലേറി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിനെയും അവിടെതന്നെ വിട്ടാണ് സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തിയത്. പേടകം തകരാറിലായതിനെ തുടര്‍ന്ന് ഇരുവരുടെയും തിരിച്ചുള്ള യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ന്യൂമെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ രാവിലെ 9:37ഓടെയാണ് പേടകമിറങ്ങിയത്. ആറു മണിക്കൂര്‍ നീണ്ട യാത്രയില്‍ മണിക്കൂറില്‍ 27,400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാണ് പേടകം ഭൂമിയെ തൊട്ടത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം നിലയത്തില്‍നിന്ന് വേര്‍പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് ഭൂമിയിലേക്കിറങ്ങിയത്. ത്രസ്റ്ററുകള്‍ തകരാറിലായ പേടകത്തില്‍ സുനിത വില്യംസിനെയും വില്‍മോര്‍ ബുച്ചിനെയും മടക്കികൊണ്ടുവരുന്നത് വലിയ അപകടമായിരിക്കുമെന്ന് നാസ വ്യക്തമാക്കിയിരുന്നു. ഇതോടെ, ഇരുവരും ബഹിരാകാശ നിലയത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്റെ ഭാഗമായുള്ള കൊമേഴ്സ്യല്‍ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ വിക്ഷേപണത്തിന് കനത്ത വെല്ലുവിളിയായി.
2025 ഫെബ്രുവരിയിലായിരിക്കും സ്പേസ് എക്സിന്റെ പേടകത്തില്‍ സുനിതയും ബുച്ചും തിരിച്ചു വരിക. ഇരുവര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അടക്കം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.