NationalTop News

രോഗിയായ ഭർത്താവിനൊപ്പം ആംബുലൻസിൽ പോയ യുവതിയെ ഡ്രൈവറും സഹായിയും പീഡിപ്പിച്ചു

Spread the love

ലഖ്‌നൗവിലെ ഗാസിപൂരിൽ ഗുരുതരാവസ്ഥയിലായിരുന്ന ഭർത്താവുമായി ആംബുലൻസിൽ പോയ യുവതിയെ ഡ്രൈവറും സഹായിയും പീഡിപ്പിച്ചു. പീഡനത്തെ എതിർത്ത് നിലവിളിച്ചതിന് ഇരുവരെയും റോഡിലുപേക്ഷിച്ച് ആംബുലൻസ് കടന്നുകളഞ്ഞു. ഓക്സിജൻ ലഭിക്കാതെ ഭർത്താവ് മരിച്ചു. യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു.

ആരവലി മാർഗിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിനെ ബില്ലടയ്ക്കാൻ നിവർത്തിയില്ലാതെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപാകാനാണ് ഗാസിപൂരിൽ നിന്ന് ആംബുലൻസ് വിളിച്ചത്. യവതിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. ഭർത്താവിനൊപ്പം പുറകിൽ ഇരിക്കാൻ അനുവദിക്കാതെ പല കാരണങ്ങൾ പറഞ്ഞ് യുവതിയെ മുൻവശത്ത് നിർബന്ധിച്ച് ഇരുത്തുകയായിരുന്നു. എന്നാൽ യാത്രതുടങ്ങി അൽപസമയത്തിനുള്ളിൽ തന്നെ ഇരുവരും ഉപദ്രവിക്കാൻ ആരംഭിച്ചു. യുവതിയുടെ നിലവിളി കേട്ട് ഭർത്താവും സഹോദരനും പുറകിൽ നിന്ന് ഒച്ചയുണ്ടാക്കി. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ഇരുവരും യുവതിയെ ഉപദ്രവിക്കുന്നത് തുടർന്നതായും യുവതി പറഞ്ഞു.

ബസ്തിയിലെ ഛവാനി പോലീസ് സ്റ്റേഷൻ പരിധിയിൽ ആംബുലൻസ് നിർത്തി ഭർത്താവിന്റെ ഓക്സിജൻ മാസ്ക് മാറ്റുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. സഹോദരനെ മുൻവശത്തുള്ള ക്യാബിനിൽ പൂട്ടിയിട്ടു. യുവതിയുടെ കയ്യിലുണ്ടായിരുന്ന 10,000 രൂപ, കൊലുസ്, താലിമാല, ആധാർ കാർഡ്, ആശുപത്രി രേഖകൾ തുടങ്ങിയവ കൈക്കലാക്കി സഘം കടന്നു കളഞ്ഞു. സഹോദരൻ പോലീസ് ഹെൽപ്‌ലൈനിൽ വിളിച്ച് സംഭവം പറഞ്ഞു. എന്നാൽ ഭർത്താവിനെ ആശുപത്രിയിൽ പര്വേശിപ്പിച്ച ശേഷം ഛവാനി സ്റ്റേഷനിലെത്തി പരാതി നൽകാനാണ് നിർദ്ദേശിച്ചത്. 108 ആംബുലൻസിൽ ബസ്തി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാക്കി. അവിടെനിന്നും ഗോരഖ്പുർ മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിച്ചു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഭർത്താവ് മാർഗമധ്യേ തന്നെ മരിച്ചു.

സെപ്റ്റംബർ ഒന്നിനാണ് സംഭവം നടന്നത്. അന്നുതന്നെ യുവതി ഛവാനി സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ അവർ കേസ് അന്വേഷിക്കാൻ തയ്യാറകാതെ ലഖ്നൗവിലേക്ക് മടങ്ങിപ്പോയി അവിടുത്തെ സ്റ്റേഷനിൽ പരാതി നൽകാനാണ് പറഞ്ഞത്. സംഭവം വാർത്തയായതോടെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു. യുപിയിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് മുൻമുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.