KeralaTop News

RSS നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍; ഇക്കാര്യം അറിഞ്ഞിട്ടും സര്‍ക്കാര്‍ കണ്ണടച്ചു?

Spread the love

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോഴാണ് എഡിജിപി എം ആര്‍ അജിത്കുമാര്‍ ഇക്കാര്യം സമ്മതിച്ചത്. സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നാണ് വിശദീകരണം. ആര്‍എസ്എസ് പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹി ഓടിച്ച വാഹനത്തിലാണ് എഡിജിപി ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിജിപിയേയും,ഇന്റലിജന്‍സ് മേധാവിയെയും സര്‍ക്കാറിനേയും അന്നേ അറിയിച്ചുവെന്നാണ് വിവരം.

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ എഡിജിപി സ്വകാര്യ വാഹനത്തില്‍ പോയത് അറിഞ്ഞിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ കണ്ണടച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 2023 മെയ് 22ന് കൂടിക്കാഴ്ച നടന്നെന്നായിരുന്നു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്. കേന്ദ്ര അന്വേഷണം ഏജന്‍സികളുടെ ഇടപെടല്‍ തടയാനായി മുഖ്യമന്ത്രിയുടെ അറിവോടെ കൂടിക്കാഴ്ച നടന്നെന്നും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടെ ഈ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നെന്നുമാണ് വി ഡി സതീശന്‍ ആരോപിച്ചിരുന്നത്. ഇത് ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അജിത് കുമാറിനോട് വിശദീകരണം തേടിയത്. ഇതിന് സര്‍ക്കാരിനെ വെട്ടിലാക്കുന്ന മറുപടിയാണ് ഇപ്പോള്‍ എഡിജിപി നല്‍കിയിരിക്കുന്നത്.

തൃശൂര്‍ വിദ്യാമന്ദിര്‍ സ്‌കൂളിലെ ആര്‍എസ്എസ് പരിപാടിയ്ക്കിടെ കൂടിക്കാഴ്ച നടന്നെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്. എന്നാല്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് തെളിയുന്നത്. ഇതൊരു സ്വകാര്യ സന്ദര്‍ശനം മാത്രമായിരുന്നെന്നാണ് അജിത് കുമാറും വിശദീകരിക്കുന്നത്. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബൊളയുമായാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയത്. അജിത് കുമാര്‍ അവിടെയെത്തിയതായി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.