കോൺക്ലേവ് നടത്തേണ്ട കാര്യം എന്താണ്? റിപ്പോർട്ടിലെ ശുപാർകൾ അടിയന്തരമായി നടപ്പാക്കണം’: രഞ്ജിനി
സിനിമ കോൺക്ലേവിനെതിരെ വിമർശനവുമായി നടി രഞ്ജിനി. ജനങ്ങളുടെ പണം ഉപയോഗിച്ച് കോൺക്ലേവ് നടത്തേണ്ട കാര്യം എന്താണെന്ന് രഞ്ജിനി ചോദിച്ചു. പണവും സമയവും നഷ്ടമാണെന്നും റിപ്പോർട്ടിലെ ശുപാർകൾ അടിയന്തരമായി നടപ്പാക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു. അഞ്ച് വർഷം റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്ന് നടി പറഞ്ഞു.
ജസ്റ്റിസ് ഹേമയുടെ വാക്കുകൾക്ക് വിലയില്ലേയെന്നും സിനിമക്കാരുടെ വാക്കുകൾക്കാണോ ജഡ്ജിയുടെ കണ്ടെത്തലാണോ ശക്തമെന്നും രഞ്ജിനി ചോദിച്ചു. നിയമനിർമാണത്തിനായി സർക്കാർ തയ്യാറാകണമെന്ന് നടി ആവശ്യപ്പെട്ടു. കോൺക്ലേവ് റദ്ദാക്കി നിയമം നടപ്പാക്കണമെന്ന് രഞ്ജിനി പറഞ്ഞു. കോൺക്ലേവിന് ക്ഷണം ലഭിച്ചാലും പങ്കെടുക്കില്ല.
അമ്മ തലപ്പത്തേക്ക് ഒരു സ്ത്രീ വരട്ടെയെന്നും മാറ്റം അനിവാര്യമാണെന്നും നടി പറയുന്നു. സിനിമ മേഖലയിൽ നടക്കുന്ന കാര്യങ്ങൾ ആ റിപ്പോർട്ടിൽ ഉണ്ട്. ഇനി എന്തിനാണ് അതിൽ ഒരു ചർച്ച. പകരം അതിലെ ശുപാർശകൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് രഞ്ജിനി പറഞ്ഞു. ട്രൈബ്യൂണലെന്ന് ആവശ്യത്തിലേക്ക് സർക്കാർ കടക്കണമെന്നും അതിനായി ശക്തമായി പോരാടുമെന്നും നടി രഞ്ജിനി വ്യക്തമാക്കി.