NationalTop News

ജാതി സെൻസസിനെ അനുകൂലിക്കുമെന്ന സൂചനയുമായി ആർഎസ്എസ്; കോൺഗ്രസിൻ്റെ വാഗ്ദാനം മോദി നടപ്പാക്കുമോ?

Spread the love

കോൺഗ്രസിൻ്റെ പ്രകടനപത്രികയിലെ പ്രധാന ആവശ്യമായിരുന്നു ജാതി സെൻസസ് നടപ്പാക്കുക എന്നത്. എന്നാൽ ആർഎസ്എസും, ബി.ജെ.പിയും ഇതിനെ പരസ്യമായി തള്ളുകയോ പിന്തുണയ്ക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പാലക്കാട് നടന്ന ആര്‍എസ്എസിന്റെ ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ അവസാനദിവസം മാധ്യമങ്ങളോട് സംസാരിക്കവേ ആർഎസ്എസ് വക്താവ് സുനിൽ ആംബേകർ ജാതി സെൻസസിനെ പിന്തുണയ്ക്കുന്നുവെന്ന പരോക്ഷ സൂചന നൽകുകയുണ്ടായി.ജനക്ഷേമ പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന് ജാതിസെൻസസ് വേണമെന്നാണ് ആർഎസ്എസ് കരുതുന്നതെന്നും ഇത് തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ഉപകരണമാക്കരുതെന്നുമാണ് ആംബേകർ പറഞ്ഞത്.

ജാതി സെൻസസ് വിഷയത്തിൽ ആർഎസ്എസ് നിലപാട് അയഞ്ഞതോടെ ചോദ്യങ്ങളുമായി കോൺഗ്രസും രംഗത്ത് വന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മുന്നോട്ട് വച്ച ജാതി സെൻസസ് എന്ന ആവശ്യത്തെ ശക്തമായ എതിർത്ത ബി.ജെ.പിയുടെയും ആർഎസ്എസിൻ്റെയും നിലപാടിനെ ജയ്റാം രമേശാണ് ചോദ്യം ചെയ്തത്. ആർഎസ്എസ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രി കോൺഗ്രസിൻ്റെ വാഗ്ദാനമായ ജാതി സെൻസസും നടപ്പിലാക്കുമോ? ജാതി സെൻസസ് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് പറയാൻ ആർഎസ്എസ് ജഡ്ജോ അമ്പയറോ മറ്റോ ആണോ? ജാതി സെൻസസിന് അനുവാദം കൊടുക്കാൻ ആർഎസ്എസ് ആരാണ്? ജാതി സെൻസസിന് മേലെ ആർഎസ്എസിന് വീറ്റോ പവറുണ്ടോ എന്നും ജയ്റാം രമേശ് എക്സിൽ പങ്കുവച്ച കുറിപ്പിൽ ചോദിച്ചു.

ഇന്ത്യ മുന്നണിയിലെ പാർട്ടികളാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ജാതി സെൻസസ് മുന്നോട്ട് വെച്ചത്. കോൺഗ്രസ്,ഡിഎംകെ, സമാജ്‌വാദി പാർട്ടികൾ ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യം പലപ്പോഴായി പാർലമെൻ്റിൽ ഉയർത്തിയിട്ടുണ്ട്. എൻഡിഎ ഘടകകക്ഷികളായ ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എന്നിവരും ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ ജാതി സെൻസസ് പാടില്ലെന്ന നിലപാടാണ് ഉയർത്തിപ്പിടിക്കുന്നത്. ഇതിലാണിപ്പോൾ ആർഎസ്എസും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംഘപരിവാർ സംഘടനകളുമായി കൃത്യമായ ആശയവിനിമയം നടപ്പാക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന അഖിൽ ഭാരതീയ സമന്വയ ബൈഠകിലാണ് നിലപാട് അറിയിച്ചതെന്നതും ശ്രദ്ധേയം. വർഷത്തിൽ നാല് തവണ നടക്കുന്ന യോഗത്തിൽ ഓഗസ്റ്റ് – സെപ്തംബർ മാസങ്ങളിൽ പതിവായി നടക്കുന്ന യോഗമാണ് പാലക്കാട് നടന്നത്.

രാഷ്ട്ര സേവിക സമിതി, വൻവാസി കല്യാൺ ആശ്രം, വിശ്വ ഹിന്ദു പരിഷത്ത്, അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, ബിജെപി, ഭാരതീയ കിസാൻ സംഘ്, വിദ്യാ ഭാരതി, ഭാരതീയ മസ്‌ദൂർ സംഘ്, സൻസ്‌കാർ ഭാരതി, സേവാ ഭാരതി, സൻസ്‌ക്രിത് ഭാരതി, അഖിൽ ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവർക്കൊപ്പം ആർഎസ്എസിൻ്റെ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും ത്രിദിന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, മുതിർന്ന നേതാവ് ശിവ് പ്രകാശ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആദ്യമായാണ് കേരളത്തിൽ സമന്വയ് ബൈഠക് സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം പുണെയിലായിരുന്നു സമ്മേളനം.

ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ ആർഎസ്എസ് സംഘടിപ്പിക്കുന്ന ഈ പതിവ് സമ്മേളനങ്ങൾക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. 2018 ൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ ഈ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി സംബന്ധിച്ച് അതിരൂക്ഷ വിമർശനം ഉയർന്നത്. തൊട്ടടുത്ത വർഷം വീണ്ടും അധികാരത്തിലേറിയ മോദി സർക്കാർ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളയകയും ചെയ്തു.

ആർഎസ്എസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നാല് സമ്മേളനങ്ങളാണ് ഓരോ വർഷവും നടക്കുന്നത്. ഇതിൽ മാർച്ച് മാസത്തിൽ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയാണ് ഏറ്റവും പ്രധാനപ്പെട്ടത്. സംഘടനാ പരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതാണ് ഈ യോഗം. 2022 ൽ ഗുജറാത്തിലെ കർണാവതിയിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് 2025 ആകുമ്പോഴേക്കും രാജ്യത്ത് ഒരു ലക്ഷം ശാഖകൾ ആരംഭിക്കുകയെന്ന ലക്ഷ്യം ഇവർ മുന്നോട്ട് വെച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ നാഗ്പൂരിൽ നടന്ന സമ്മേളനത്തിലെ കണക്ക് പ്രകാരം രാജ്യത്ത് 73000 ത്തിലധികം ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.

മെയ് – ജൂൺ മാസങ്ങളിൽ നടക്കുന്ന കാര്യകർത്ത വികാസ് വർഗാസ്, സംഘ് ശിക്ഷ വർഗ് എന്ന പരിശീലന ക്യാംപാണ് ആർഎസ്എസിൻ്റെ രണ്ടാമത്തെ യോഗം. പ്രാന്ത് പ്രചാരക് ബൈഠക് എന്നും ജൂലൈ ബൈഠകും എന്നും അറിയപ്പെടുന്നതാണ് മൂന്നാമത്തെ സമ്മേളനം. സംഘടനാ തലത്തിലെ പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്. ഈ വർഷം ഈ യോഗം നടന്നത് ജാർഖണ്ഡിലെ റാഞ്ചിയിലാണ്. കഴിഞ്ഞ വർഷം ഊട്ടിയിലായിരുന്നു സമ്മേളനം.

ഒക്ടോബർ – നവംബർ മാസങ്ങളിൽ ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്നതാണ് ദിവാലി ബൈഠക് അഥവാ കേന്ദ്രീയ കാര്യകാരി മണ്ഡൽ. സുപ്രധാന വിഷയങ്ങളിലെ പ്രമേയം ഈ സമ്മേളനത്തിലാണ് പാസാക്കുക പതിവ്. ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാനുള്ള ആർഎസ്എസ് തീരുമാനം 1950 ൽ നടന്ന ദിവാലി ബൈഠകിലാണ് ഉണ്ടായത്. സംഘപരിവാർ പരിപാടികളിൽ ദേശീയ പതാക ഉയർത്തുന്നതും വന്ദേ മാതരം ആലപിക്കുന്നതും അടക്കമുള്ള വിഷയങ്ങളിൽ പ്രമേയം പാസാക്കിയതും മുൻപ് നടന്ന ദിവാലി ബൈഠകുകളിലായിരുന്നു. കഴിഞ്ഞ തവണ ഗുജറാത്തിലെ ഭുജിലാണ് സമ്മേളനം നടന്നത്. എന്നാലിതിൽ പ്രമേയങ്ങൾ പാസാക്കിയിരുന്നില്ല.