NationalTop News

ഹിജാബ് വിവാദത്തിന് കാരണക്കാരനായ പ്രിൻസിപ്പലിന് പുരസ്കാരം; പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഉത്തരവ് മരവിപ്പിച്ചു

Spread the love

കർണാടകത്തിലെ ഹിജാബ് വിവാദത്തിന് തുടക്കമിട്ട ഉഡുപ്പി കുന്താപുര ഗവ.പിയു കോളേജ് പ്രിൻസിപ്പലിന് സംസ്ഥാന അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചത് വിവാദമായതിനേത്തുടർന്ന് സർക്കാർ അവാർഡ് തടഞ്ഞുവെച്ചു. ഉഡുപ്പി കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി ജി രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്. സർക്കാർ നടപടിയിൽ വിശദീകരണുമായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ രംഗത്തെത്തി.

ഹിജാബ് ധരിച്ച വിദ്യാർഥികൾ കോളേജിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രാമകൃഷ്ണ കോളേജിൻ്റെ ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്ന ഡേറ്റ് ഇല്ലാത്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിദ്യാർഥികൾ രാമകൃഷ്ണയോട് സംസാരിക്കാൻ ശ്രമിക്കുന്നതും അത് കേൾക്കാൻ ശ്രമിക്കാതെ അദ്ദേഹവും ഒപ്പമുണ്ടായിരുന്നവരും ഗേറ്റ് അടയ്ക്കുന്നതും വീഡിയോയിൽ കാണാം.

പുരസ്കാരത്തിന് അർഹരായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് ജില്ലാകമ്മറ്റികളുണ്ട്. അവർ നൽകിയ പേരുകളുടെ പട്ടികയിൽ ബി ജി രാമകൃഷ്ണയുടെ പേരുമുൾപ്പെട്ടിരുന്നു. ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. അവാർഡിന് പരിഗണിക്കുന്നതിന് മുമ്പ് കമ്മിറ്റി വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതായിരുന്നു. ഇതൊരു പ്രതികാര നടപടിയല്ല. പ്രിൻസിപ്പൽ വിദ്യാർഥികളോട് പെരുമാറിയ രീതിയിലാണ് പ്രശ്നം. അതിനാൽ ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സർക്കാരിൻ്റെ കാലത്ത് വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയെ അവാർഡിന് പരിഗണിച്ചതിൽ നിരാശയുള്ളതായി എസ്‌ഡിപിഐ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഹിജാബ് വിവാദമുണ്ടാക്കുകയും തട്ടമിട്ടവരെ ഗേറ്റിൽ തടയുകയും ഹിന്ദു വിദ്യാർഥികളെ അവർക്കതിരെ തിരിക്കുകയും ചെയ്തു. സംസ്ഥാനത്തെ വർഗീയ സംഘർഷത്തിലേക്ക് തള്ളിവിട്ട വ്യക്തിയെ കോൺഗ്രസ് സർക്കാർ പുരസ്കാരം നൽകി ആദരിക്കുകയാണ് ചെയ്യുന്നതെന്ന് എസ്‌ഡിപിഐ ജനറൽ സെക്രട്ടറി അഫ്സർ കൊഡ്‌ലിപ്പെട്ട് ആരോപിച്ചു.

2022 ഫെബ്രുവരിയിൽ ഉഡുപ്പി കോളേജ് ക്ലാസ്‌മുറികളിൽ ഹിജാബ് നിരോധിച്ചിരുന്നു. പിന്നാലെ മറ്റു ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് പിന്തുടർന്നതിനേത്തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുണ്ടായി. തുടർന്ന് ബസവരാജ ബൊമ്മൈയുടെ ബിജെപി സർക്കാർ ക്യാമ്പസുകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കി. ക്യാമ്പസുകളിൽ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന ഒരു വസ്ത്രവും അനുവദിക്കാനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹിജാബിന് നിരോധനമേർപ്പെടുത്തിയത്. കടുത്ത പ്രതിഷേധങ്ങളേത്തുടർന്ന് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദിവസങ്ങളോളം അടച്ചിടേണ്ടതായി വന്നു.