പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം; വിശദീകരണവുമായി സി ഐ വിനോദ്
വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിൽ വിശദീകരണവുമായി സി ഐ വിനോദ്. പീഡന പരാതി ഉന്നയിച്ച സ്ത്രീ പറയുന്നത് കളവാണ്, താൻ നിരപരാധിയാണെന്നും വൈരാഗ്യത്തെ തുടർന്നാണ് പരാതിക്കാരി തനിക്ക് എതിരെ നീങ്ങിയതെന്നും സഹപ്രവർത്തകർക്ക് സി ഐ വിനോദ് അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു.
പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് തന്നോട് ഉള്ള വൈരാഗ്യത്തിന് കാരണം. യുവതി സ്ഥിരം പരാതിക്കാരിയാണെന്നും തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ട് പല തവണ അന്വേഷണം നടന്നിരുന്നു. എസ് പി സുജിത്ത് ദാസ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്പി വഴി അന്വേഷണം നടത്തിയെന്നും സി ഐ വിനോദ് വ്യക്തമാക്കി.
അതേസമയം, വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുൻ എസ്‍പി സുജിത് ദാസ് ത്വൻടൈഫോറിനോട് പറഞ്ഞു. സഹോദരനും കുട്ടിക്കും ഒപ്പമാണ് 2022ൽ പരാതിക്കാരി കാണാൻ എത്തിയത്. പൊന്നാനി ഡിവൈഎസ്പിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പരാതിക്കാരി തന്റെ അടുത്തെത്തിയത്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും പരാതി അന്വേഷിച്ചു. പിന്നീട് സ്ത്രീയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ് ട്വന്റി ഫോറിനോട് പറഞ്ഞു.ആരോപണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകുമെന്നും സുജിത് ദാസ് വ്യക്തമാക്കി.
എന്നാൽ വീട്ടമ്മയുടെ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു ഡിവൈഎസ്പി വിവി ബെന്നിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് എന്തായാലും ഒറ്റ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് പൊലീസ് നേതൃത്വം. മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയതുകൊണ്ടാണ് തനിക്കെതിരെ പരാതി വന്നതെന്നും ബെന്നി ആവർത്തിക്കുന്നു.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സിഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു.