കെനിയയിലെ ബോർഡിങ്ങ് സ്കൂളിൽ തീപിടിത്തം; 17 വിദ്യാർഥികൾ മരിച്ചു
സെന്‍ട്രല്‍ കെനിയയിലെ ബോർഡിങ്ങ് സ്കൂളിന്റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. 13 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു.
വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്കൂളില്‍ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. പ്രസിഡന്റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അതേസമയം, കെനിയൻ ബോർഡിംഗ് സ്കൂളുകളിൽ ഇതിന് മുൻപും തീപിടുത്തം ഉണ്ടായിട്ടുണ്ട്. 2017ൽ തലസ്ഥാനമായ നെയ്റോബിയിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ 10 ഹൈസ്കൂൾ വിദ്യാർഥികൾ മരിച്ചിരുന്നു.