അറിവ് പകർന്നവർ, നേരിലേക്ക് നയിച്ചവർ: ആദരിക്കാം പ്രിയ ഗുരുക്കന്മാരെ; ഇന്ന് അധ്യാപകദിനം
ഇന്ന് അധ്യാപകദിനം. വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വലിയ പങ്കാണ് വഹിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത്.
ശിഷ്യന്മാരും സുഹൃത്തുക്കളും ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ തന്റെ ജന്മദിനം, തന്റെ പേരിൽ ആഘോഷിക്കുന്നതിനുപകരം അത് അധ്യാപക ദിനമായി ആചരിച്ചാൽ ഏറെ അഭിമാനകരമാകുമെന്ന് ഡോക്ടർ രാധാകൃഷ്ണൻ നിർദ്ദേശിക്കുകയായിരുന്നു.
അധ്യാപകർ കേവലം അറിവ് പകരുന്നവർ മാത്രമല്ല, മികവിനായി പരിശ്രമിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന ഉപദേഷ്ടാക്കളും വഴികാട്ടികളും റോൾ മോഡലുകളുമാണ് അവർ. ഇന്റർനെറ്റിന്റെയും നിർമ്മിതബുദ്ധിയുടേയും പുതിയകാലത്ത് അധ്യാപകരുടെ ദൗത്യം വഴികാട്ടികളെന്ന നിലയിലേക്ക് ചുരുങ്ങിയെന്നത് ശരി തന്നെ. എന്നാൽ വിദ്യാർത്ഥികളുടെ ധാർമ്മിക മൂല്യങ്ങൾ, സാമൂഹിക കഴിവുകൾ, മൊത്തത്തിലുള്ള സ്വഭാവ വികസനം എന്നിവയെ സ്വാധീനിക്കുന്ന അവരുടെ സ്വാധീനം അക്കാദമിക് പഠനത്തിനപ്പുറത്തേക്ക് വ്യാപിക്കുകയാണ് ഇന്ന്.
അധ്യാപകദിനം കേവലം ഒരു ആചരണം മാത്രമല്ല. വ്യക്തി ജീവിതത്തിലും സമൂഹത്തിൽ മൊത്തത്തിലും അധ്യാപകർ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണിത്. അധ്യാപകരെ ആദരിക്കുന്നതിലൂടെയും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിലൂടെയും, വിദ്യാഭ്യാസത്തിനും ഭാവി തലമുറയുടെ വികസനത്തിനുമുള്ള ജനതയുടെ പ്രതിബദ്ധതയാണ് യഥാർത്ഥത്തിൽ വെളിപ്പെടുന്നത്.