തമിഴ് സിനിമയിലും ഹേമ കമ്മിറ്റി ഇഫക്ട്; ലൈംഗിക ചൂഷണം പഠിക്കാന്‍ നടികര്‍ സംഘംവച്ച കമ്മിറ്റി, പീഡകര്‍ക്ക് 5 വര്‍ഷം വിലക്ക്, ഇരകള്‍ക്ക് സഹായം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വെച്ച് നടികര്‍ സംഘം. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ സിനിമയില്‍ അഞ്ചുവര്‍ഷം വിലക്കും, കോടതി നടപടികളും നേരിടേണ്ടി വരുമെന്ന് നടികര്‍ സംഘം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇരകളാക്കപ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമയിലും സമാനമായി അന്വേഷണം വേണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
തമിഴ്‌നാട്ടിലെ സിനിമാ, ടെലിവിഷന്‍, നാടക അഭിനേതാക്കലുടെ സംഘടനയാണ് ദക്ഷിണേന്ത്യന്‍ ആര്‍ടിസ്റ്റ് അസോസിയേഷന്‍ എന്ന നടികര്‍ സംഘം. ചെന്നൈയില്‍ ഇന്ന് ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായ നിര്‍ണായക തീരുമാനം. സംഘടനയുടെ പ്രസിഡന്റ് നാസര്‍, ജനറല്‍ സെക്രട്ടറി വിശാല്‍, ട്രഷറര്‍ കാര്‍ത്തി, മറ്റ് അംഗങ്ങളായ സുഹാസിനി, ഖുശ്ബു, രോഹിനി മുതലായവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ലൈംഗിക പീഡന കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ആ താരത്തെ അഞ്ച് വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചു. പീഡനത്തിനിരയായ താരങ്ങള്‍ക്ക് എല്ലാത്തരത്തിലുള്ള നിയമസഹായവും നടികര്‍ സംഘം നല്‍കും. ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ വന്ന പരാതികള്‍ കൃത്യമായി പൊലീസിന് കൈമാറും. സംഘടനയില്‍ പരാതി പറയുന്നതിന് മുന്‍പ് ലൈംഗിക ചൂഷണത്തിന്റെ വിശദാംശങ്ങളോട് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തരുതെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.