പ്രതികളെ മർദിക്കാൻ നിർബന്ധിച്ചു, സേനയിൽ ബുദ്ധിമുട്ട് നേരിട്ടു; മലപ്പുറത്ത് പൊലീസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തൽ
മലപ്പുറം എടവണ്ണയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. എടവണ്ണ സ്വദേശി എഎസ്ഐ ശ്രീകുമാറിന്റെ മരണത്തിലാണ് വെളിപ്പെടുത്തൽ. പൊലീസ് സേനയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ട്, മരിക്കുന്നതിന് മുൻപ് ശ്രീകുമാർ തന്നോട് പറഞ്ഞിരുന്നതായി എടവണ്ണ സ്വദേശി നാസർ പറഞ്ഞു. ശ്രീകുമാറിനെ പ്രതികളെ മർദിക്കാൻ മുൻ എസ്പി സുജിത് ദാസ് നിർബന്ധിച്ചിരുന്നതായും സുഹൃത്ത് പറയുന്നു.
ശ്രീകുമാറിന്റെ ഡയറിയിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കീറിക്കൊണ്ട് പോയെന്നും നാസർ ട്വന്റിഫോറിനോട് പറഞ്ഞു. ശ്രീകുമാർ ആത്മഹത്യ ചെയ്തത് 2021 ജൂൺ 10നാണ്. പ്രതികളെ ശ്രീകുമാർ മർദിക്കാതെ വന്നപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചെന്ന് നാസർ പറയുന്നു . ജീവിതത്തിൽ ഞാൻ എന്തെങ്കിലും ചെയ്യുകയാണെകിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കും എന്ന് ശ്രീകുമാർ പറഞ്ഞിരുന്നതായി സുഹൃത്ത് നാസർ പറഞ്ഞു.
സേനയിൽ നിന്നും ,എസ്പിയിൽ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ശ്രീകുമാറിന്റെ ആത്മഹത്യക്ക് കാരണമെന്നും ആത്മഹത്യ കുറുപ്പാണ് പൊലീസ് കീറികൊണ്ട് പോയെന്നും നാസർ വെളിപ്പെടുത്തി. ഡയറി കുറിപ്പും പൊലീസ് കൊണ്ട് പോയി. ശ്രീകുമാർ ആത്മഹത്യ ചെയ്ത സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും പൊലീസിന്റെ നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നതായി നാസർ പറഞ്ഞു. ശ്രീകുമാർ ആത്മഹത്യ ചെയ്ത മുറിയിലേക്ക് ആരെയും കടത്തിവിട്ടില്ല. രണ്ട് പുസ്തകങ്ങളുണ്ടായിരുന്നു മുറിയിൽ. ഒന്ന് ഡയറിയായിരുന്നു മറ്റൊരു പുസ്തകത്തിലെ പേജുകൾ കീറി എടുത്തുകൊണ്ടു പോകുന്നത് കണ്ടെന്നും നാസർ പറയുന്നു.
ഡയറി കുറിപ്പിൽ എല്ലാ കാര്യവും എഴുതി വെച്ചിരുന്നതായും അത് വായിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും ശ്രീകുമാർ പറഞ്ഞിരുന്നതായി നാസർ പറയുന്നു. പൊലീസിനെതിരെ വിരൾ ചൂണ്ടാതിരിക്കാൻ വേണ്ടിയാണ് ആത്മഹത്യക്കുറിപ്പടക്കം എടുത്തുകൊണ്ടുപോയതെന്നാണ് നാസർ പറയുന്നത്. ഇത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീകുമാറിന്റെ കുടുംബത്തെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എന്നാൽ കേസുമായി മുന്നോട്ട് പോകാൻ അവർ തയാറായില്ലെന്ന് നസർ വ്യക്തമാക്കി. മരിച്ച ശ്രീകുമാറിന്റെ ഭാര്യ സേനയിൽ ഉണ്ട്. ഇവർ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് കരുതിയാണ് മറ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്.