പൊലീസിനെ കെട്ടഴിച്ചുവിട്ടു, നിയന്ത്രിച്ചില്ലെങ്കിൽ ഭരണത്തുടർച്ച അസാധ്യം’: ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് വിമർശനം
സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമർശനം. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാന അജണ്ടയായി ഉയർന്ന് പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളാണ്. ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ ആവശ്യം ഉയർന്നു. പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
പൊലീസിനെ കെട്ടഴിച്ചുവിട്ടെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളിലെ വിമർശനം. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഭരണത്തുടർച്ച അസാധ്യം എന്നും അഭിപ്രായം. താഴെ തട്ടിലുള്ള പ്രവർത്തകരോടുള്ള പൊലീസിന്റെ പെരുമാറ്റം പെരുമാറ്റ രീതി എന്നിവയും സാധാരണ ജനങ്ങളോടുള്ള പൊലീസിന്റെ സമീപനവും സമ്മേളനങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ അഭാവം ഇപ്പോഴാണ് മനസ്സിലാകുന്നത് എന്ന് പ്രതിനിധികൾ അഭിപ്രായം ഉയർന്നു. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ വിധം പാർട്ടി തകരില്ലെന്നാണ് സമ്മേളനങ്ങളിലെ അഭിപ്രായം. തിരുത്തൽ ആവശ്യമാണെന്നാണ് സമ്മേളനങ്ങളിലെ പ്രധാന ആവശ്യം. സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഐഎം നിർദേശിച്ചു. ഭക്ഷണത്തിലും പ്രചരണത്തിലും ആർഭാടം ഒഴിവാക്കണമെന്നാണ് നിർദേശം. ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതി, ആർച്ചും കട്ട് ഔട്ടും ഒഴിവാക്കണം, സമ്മേളനങ്ങളിൽ സമ്മാനങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി രേഖ.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നാട്ടിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. കണ്ണൂർ മൊറാഴ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് മുടങ്ങിയത്. ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചതോടെയാണ് സമ്മേളനം മുടങ്ങിയത്. അങ്കണവാടി ജീവനക്കാരിയുടെ സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമ്മേളനം ബഹിഷ്കരിച്ചത്.