ജയസൂര്യക്കെതിരെ പരാതി കൊടുത്തശേഷം ഉപദേശമെന്ന രീതിയില്‍ ഭീഷണികള്‍ വരുന്നു, പൈസയ്ക്ക് ആവശ്യമുണ്ടോയെന്ന് ചോദ്യങ്ങള്‍ വരുന്നു:പരാതിക്കാരി
നടന്‍ ജയസൂര്യക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് ഉപദേശമെന്ന രീതിയില്‍ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നെന്ന് പരാതിക്കാരി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞ് പലരും വിളിച്ചെന്നും പണത്തിന് ആവശ്യമുണ്ടോയെന്ന് ചോദിച്ചെന്നും പരാതിക്കാരി പറഞ്ഞു. ചിലര്‍ പുതിയ പടത്തില്‍ അവസരം തരാമെന്ന് പറഞ്ഞു. പരാതിയില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും സിനിമാ ലൊക്കേഷനായ കൂത്താട്ടുകുളത്തെ പന്നി ഫാമില്‍ ഇന്ന് തെളിവെടുപ്പ് നടന്നെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയിലെ ഒരുപാട് വൃത്തികേടുകള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു. മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടം. കുടുംബം പറഞ്ഞിട്ടാണ് ജയസൂര്യയുടെ പേര് ആദ്യം പുറത്തുപറയാതിരുന്നത്. രണ്ടുകോടി രൂപ കൈപ്പറ്റിയെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ് പേര് പുറത്തുപറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയില്‍ കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിലാണ് ഇന്ന് പരിശോധന നടന്നത്. ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നായിരുന്നു പരാതി. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കേസില്‍ പരാതിക്കാരി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി രഹസ്യമൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 2013ല്‍ തൊടുപുഴയില്‍ ചിത്രീകരിച്ച ‘പിഗ്മാന്‍’ സിനിമയുടെ സെറ്റില്‍ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്ക് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്.