ആര്‍എസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: വിഡി സതീശൻ
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആര്‍എസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. കമ്മിഷ്ണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ല. തൃശൂർ പൂരം കലക്കാൻ എഡിജിപി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണം. ആർഎസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ഇലക്ഷന് ശേഷം ഇഡി എവിടെ. കരുവന്നൂരിലെ അന്വേഷണം എവിടെയാണ്. എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് പേടിയാണ്. ഹയാത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടു. തിരുവനന്തപുരം ജില്ലയിലെ ആർഎസ്എസ് നേതാവ് ഇടനിലക്കാരനായി. ഊരി പിടിച്ച വാളിന്റെ ഇടയിൽ കൂടെ നടന്ന മുഖ്യമന്ത്രി എന്തിന് കീഴ് ഉദ്യോഗസ്ഥരെ ഭയക്കുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതി അന്വേഷിക്കാൻ പാർട്ടി നേതൃതലത്തിൽ ആലോചനയായി. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തിലുള്ളതാണെന്നാണ് വിലയിരുത്തൽ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഈ പരാതികൾ സംബന്ധിച്ച് ചർച്ച നടക്കും.