KeralaTop News

എസ്എഫ്ഐക്കാലം മുതൽ വേട്ടയാടപ്പെടുന്നു’, ആരോപണങ്ങളില്‍ ഭയമില്ലെന്ന് പി ശശി; വിവാദങ്ങളിൽ പ്രതികരണം

Spread the love

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്. എന്നിട്ടും താൻ ഇതുവരെയെത്തി. അത് മതി. തനിക്ക് ഭയമോ ആശങ്കയോ ഇല്ല. സർവാധികാരി മനോഭാവം തനിക്കില്ലെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ശശിക്കെതിരെ പിവി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതി ഗൗരവത്തോടെ കാണുമെന്നാണ് സിപിഎം നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഈ പരാതികൾ സംബന്ധിച്ച് ച‍ർച്ച നടക്കും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ എകെജി സെൻ്ററിന് മുന്നിലെ ഫ്ലാറ്റിലെത്തി നേരിട്ട് കണ്ട് പിവി അൻവർ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ അതേ പരാതിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയതെന്നാണ് പിവി അൻവ‍ർ പ്രതികരിച്ചത്. എന്നാൽ അന്വേഷണം സംബന്ധിച്ച് ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പിവി അൻവ‍ർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പിവി അൻവറിൻ്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് അനുസരിച്ചായിരിക്കും പരാതിയിൽ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുക.