KeralaTop News

പാർട്ടി സംവിധാനത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടം: കുറ്റവാളികളെ കണ്ടെത്താനുള്ള സദുദ്ദേശം’: പിവി അൻവർ

Spread the love

വിവാദങ്ങളിൽ പ്രതികരണവുമായി പിവി അൻവർ എംഎൽഎ. പോലീസിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് പ്രത്യേക അഭിമുഖത്തിൽ പിവി അൻവർ പറഞ്ഞു. പാർട്ടി സംവിധാനത്തിൻ്റെ നിലനിൽപ്പിനായുള്ള പോരട്ടത്തിലാണ് താനെന്നും കുറ്റവാളികളെ കണ്ടെത്താനുള്ള സദുദ്ദേശത്തിലാണെന്നും പിവി അൻവർ വ്യക്തമാക്കുന്നു.

പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്ന് പിവി അൻവർ പറയുന്നു. സാമൂഹ്യവിപത്ത് തടയാനാണ് ശ്രമിച്ചത്. എഡിജിപി അജിത് കുമാർ കുപ്രസിദ്ധ കുറ്റവാളിയാണ്. ബോധമില്ലാതെയല്ല കുറ്റവാളി എന്ന് വിളിച്ചതെന്ന് അൻവർ പറഞ്ഞു. പൊലീസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പൊലീസ് സേനയിൽ‌ പീഡനമുണ്ടെന്നും കീഴ് ഉദ്യോ​ഗസ്ഥരെകൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നുവെന്ന് പിവി അൻവർ ആരോപിക്കുന്നു. ഒരു ഭാ​ഗത്ത് അടിമപ്പണിയാണെന്നും മറു ഭാ​ഗത്ത് സമ്പൂർണ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ‌ സെക്രട്ടറി പി ശശിക്കെതിരെയും പിവി അൻവർ വിമർശനം തുടർന്നു. പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ബാരിക്കേഡ് തീർത്തായിരുന്നു പൊളിറ്റിക്കൽ സെക്രട്ടറിയുടെ പ്രവർത്തനമെന്ന് അൻവർ ആരോപിച്ചു. പൊലീസ് കാരണം വോട്ട് ചോര്‍ച്ചയുണ്ടായി. എല്‍ഡിഎഫിന് 15 ലക്ഷം വോട്ട് നഷ്ടപ്പെട്ടുവെന്നും അന്‍വര്‍ പറയുന്നു. പി ശശിക്ക് കാര്യങ്ങള്‍ മനസിലാകുന്നില്ല. പൊലീസിനെ കയറൂരി വിടരുതെന്ന് അൻവർ പറഞ്ഞു.

തന്റെ ആരോപണങ്ങളിൽ‌ അന്വേഷണം നടക്കട്ടെയെന്നും മുൻവിധി വേണ്ടെന്നും അൻവർ പറഞ്ഞു. നിവൃത്തിയില്ലാതെയാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. എഡിജിപിയെ നിലനിർത്തി അന്വേഷിക്കണം. കാത്തിരുന്ന് കാണാമെന്നും അൻവർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർക്കാനാണ് ശ്രമം നടത്തുന്നത്. പാർട്ടി നല്ല തീരുമാനം എടുക്കുമെന്നാണ് വിശ്വസിക്കുന്നു. ആര് പിന്തുണയ്ക്കുന്നു , പിന്തുണയ്ക്കുന്നില്ല എന്നത് തൻ്റെ വിഷയമല്ലെന്ന് അൻവർ പറഞ്ഞു.