തൃശൂർ പൂരം വിവാദം: പിന്നിലെ ഗൂഢനീക്കങ്ങൾ അന്വേഷിക്കണം; ബിനോയ് വിശ്വം
തൃശൂർ പൂരം അട്ടിമറിച്ച ഗൂഢാലോചനയെ പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഉന്നയിച്ചത് ഒരു ഇടതുപക്ഷ എംഎൽഎയാണ് ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃശൂർ പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സിപിഐ അന്നേ വിമർശനം ഉന്നയിച്ചതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതിൻ്റെ പിന്നിൽ ഒരു ഗൂഢനീക്കം ഉണ്ട്. ഇത് അന്വേഷിക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ്-സിപിഎം ചർച്ച എന്ന കാഴ്ചപ്പാട് സിപിഐക്കില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
ഇടതുപക്ഷ സർക്കാർ ഇതുപോലെ ഒരു വിഷയത്തെ കൈകാര്യം ചെയ്യുമ്പോൾ ഉയർത്തിപ്പിടിക്കേണ്ടത് ഇടതുപക്ഷ നിലപാടുകളാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പൊലീസുകാരെ കൊണ്ട് പൂരം കലക്കിച്ചത് മുഖ്യമന്ത്രിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആർഎസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചു. പാറമേക്കാവിലാണ് കൂടിക്കാഴ്ച നടന്നതെന്നും പൂരം കലക്കിയത് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്നും വി ഡി സതീശൻ ആരോപിച്ചു.