KeralaTop News

നിര്‍ണായക തെളിവുകള്‍ കൈമാറി? മുഖ്യമന്ത്രിയെ കണ്ട് പി വി അന്‍വര്‍ മടങ്ങി

Spread the love

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചെന്ന് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച ശേഷം പി വി അന്‍വര്‍ മടങ്ങി. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പി വി അന്‍വര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയെന്നാണ് സൂചന. ഉടന്‍ മാധ്യമങ്ങളെ കാണുമെന്ന് പി വി അന്‍വര്‍ അറിയിച്ചു.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ക്രമസമാധാന ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റാത്തതില്‍ അന്‍വറിന് കടുത്ത അതൃപ്തിയാണുള്ളത്. അന്‍വര്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്ക് കൈമാറിയാല്‍ എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കും എതിരായി എന്ത് നടപടിയെടുക്കും എന്നത് നിര്‍ണായകമാണ്.

അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും അജിത്കുമാറിന് സര്‍ക്കാരിന്റെ സംരക്ഷണമുണ്ടായിരുന്നു. അന്വേഷണ സംഘത്തെ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിലും അജിത്കുമാറിനെതിരെ അന്വേഷണമെന്നില്ല. എന്നാല്‍ അജിത്കുമാര്‍ ഉന്നയിച്ച പരാതി അന്വേഷിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പി.വി.അന്‍വര്‍ ഓഗസ്റ്റ് 23ന് നല്‍കിയ പരാതിയിലും തുടര്‍ന്നുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നു മാത്രമാണ് ഉത്തരവിലുള്ളത്. അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും മാറ്റേണ്ടി വരും. ഇതിനാലാണ് അജിത്കുമാറിനെതിരെ നടപടിയുണ്ടാകാത്തതെന്നാണ് സൂചന. സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷവും ബി.ജെ.പിയും ഉന്നയിക്കുന്നത്.