‘2017 മുതല്‍ മാധബി പുരി ബുച്ചിന് വേതനമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ല; കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം നിഷേധിച്ച് ICICI ബാങ്ക്
സെബി മേധാവി മാധബി പുരി ബുച്ച് ഇരട്ട വേതനവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് ഐസിസിഐസി ബാങ്ക്. 2017 മുതല്‍ മാധബി പുരി ബുച്ചിന് വേതനമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിട്ടില്ലെന്ന് ബാങ്ക് വിശദീകരിച്ചു. 2013 ഒക്ടോബര്‍ 31 മുതല്‍ മാധബി പുരി ബുച്ച് സൂപ്പര്‍ ആനുവേഷന് ആവശ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതനുസരിച്ചുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ മാത്രമാണ് സെബി മേധാവിയായപ്പോള്‍ മുതല്‍ അവര്‍ കൈപ്പറ്റിയതെന്നും ബാങ്കിന്റെ വിശദീകരണക്കുറിപ്പിലുണ്ട്. 2017 മുതല്‍ മാധബി പുരി ബുച്ച് 16.8 കോടി രൂപ വേതനമായി കൈപ്പറ്റിയിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ ആരോപണം. ഇത് സെബി മേധാവിയെന്ന നിലയില്‍ ലഭിച്ചതിന്റെ അഞ്ചിരട്ടിയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു.
സെബി മേധാവിയായി ഇരിക്കെ തന്നെ ഐസിഐസി ബാങ്കില്‍ നിന്നും വേതനം കൈപ്പറ്റി മാധബി ബുച്ച് ഇരട്ട വേതനം നേടിയിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. 2017-18 കാലയളവില്‍ ബുച്ച് 2.06 കോടി രൂപ ഐസിഐസിഐ ബാങ്കില്‍ നിന്നും 7 ലക്ഷം രൂപ ഐസിഐസിഐ പ്രുഡന്‍ഷ്യലില്‍ നിന്നും കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് പ്രസ്താനയില്‍ ആരോപിച്ചിരുന്നു.
വിപണി നിയന്ത്രണത്തിന്റെ ചുമതലയുള്ള സെബിയുടെ തലപ്പത്തിരുന്നുകൊണ്ട് ഒരാള്‍ മറ്റൊരു സ്ഥാപനത്തിന്റെ ശമ്പളം വാങ്ങുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു പവന്‍ ഖേര പറഞ്ഞത്. ഐസിഐസി ബാങ്കിനായി സെബിയിലൂടെ ചില വിട്ടുവീഴ്ചകളും ബുച്ച് ചെയ്ത് നല്‍കിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.