KeralaTop News

പി വി അൻവർ ഉയർത്തിട്ടുള്ള എല്ലാ ആരോപണങ്ങളും കർശനമായി പരിശോധിക്കും,സർക്കാർ മാതൃകാപരമായ തീരുമാനം എടുത്തിട്ടുണ്ട് ; എ കെ ബാലൻ

Spread the love

നിലമ്പൂർ എംഎൽഎ പിവി അൻവർ ഉയർത്തിക്കാട്ടിയ എല്ലാ ആരോപണങ്ങളും കർശനമായി പരിശോധിക്കുമെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എ കെ ബാലൻ. എംഎൽഎ ഉയർത്തിയിട്ടുള്ള പരാതികൾ അന്വേഷിക്കാൻ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അക്കാര്യത്തിൽ വ്യക്തവും കർശനവുമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്. സർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന മാതൃകാ സമീപനമാണ് അതെന്നും കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയാണെന്നും എ കെ ബാലൻ പറഞ്ഞു.

പി ശശിക്കെതിരെയുള്ള കേസുകളടക്കം എല്ലാം പൊലീസ് അന്വേഷിക്കും. അൻവർ പാർട്ടിക്ക് പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് അൻവറോട് തന്നെ ചോദിക്കണം, അദ്ദേഹത്തിന്റെ ആരോപണങ്ങൾ സർക്കാരിനും ഭരണപക്ഷത്തിനും ഒരു നാണകേടുമുണ്ടായിട്ടില്ല. കെ ടി ജലീലും പ്രകാശ് കാരാട്ടും പാർട്ടിക്കെതിരെ ഒരിക്കലും സംസാരിക്കില്ലെന്നും അവർ സ്വതന്ത്രമായി നിലപാടുകൾ പറയുന്നത് ഇവിടെ ആരും വിലക്കില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.

”സോളാർ കേസ് പ്രതി സരിതയുടെ കോഡ് വിശദാംശങ്ങൾ ഒരു ഐജി പുറത്ത് വിട്ടത് എല്ലാവർക്കും അറിയാം. ഏറ്റവും വൃത്തികെട്ട കാര്യങ്ങൾ ഒരുകാലത്ത് പൊലീസിൽ നടന്നിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ കാലഘട്ടത്തിൽ 51 അവാർഡുകളാണ് കേരളത്തിലെ പൊലീസ് വാങ്ങിയത്. അഴിമതി കുറഞ്ഞ ഏക പൊലീസ് കേരളത്തിലേതാണ്” എ കെ ബാലൻ പറഞ്ഞു.

ചില പൊലീസ് ഉദ്യോഗസ്ഥരെ കോൺഗ്രസ് വളർത്തി കൊണ്ടുവന്നതാണ് അത് കെ കരുണാകരന്റെ കാലത്ത് നമ്മൾ കണ്ടതാണ്. യുഡിഎഫ് ഭരണകാലത്ത് പൊലീസ് പരീക്ഷകളിൽ കോപ്പിയടികൾ ഉണ്ടായിരുന്നു. അതിൽ പിടിക്കപ്പെട്ടതെല്ലാം എല്ലാവർക്കും ഓർമ്മയുണ്ടാവും. ടി പി സെൻകുമാറിനെതിരെയുള്ള അന്വേഷണമൊന്നും കേരളം മറന്നിട്ടില്ലായെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

പൊലീസ് സേനയിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് മറുപടി പറഞ്ഞ എ കെ ബാലൻ, ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും സേനയിലെ ഏത് പ്രമാണിയായാലും സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടും എ കെ ബാലൻ പ്രതികരണം നടത്തിയിരുന്നു ഒരു പരാതി കിട്ടിയാൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. രാഷ്ട്രീയത്തിലും കാസ്റ്റിങ് കോച്ച് ഉണ്ടെന്ന് കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ ഏറെ ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എ കെ ബാലൻ പറഞ്ഞു.