KeralaTop News

എഡിജിപിക്കെതിരെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനം, ഒന്നും നടക്കാൻ പോകുന്നില്ല; കെ സുരേന്ദ്രൻ

Spread the love

പിവി അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാർട്ടിഅണികളെപോലും പറ്റിക്കാനുള്ള പരിപാടിയാണ് നടത്തുന്നതെന്നും എഡിജിപിക്കെതിരെ ഒരു അന്വേഷണവും നടത്താൻ പോകുന്നില്ല, മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

എഡിജിപിയെ സ്ഥാനത്തുനിന്നും നീക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല,മല എലിയെ പ്രസവിച്ച പോലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളൊക്കെ തന്നെ. മുഖ്യമന്ത്രിയുടെ ദുർനടത്തിപ്പുകളുടെ കൃത്യമായ തെളിവ് എഡിജിപിയുടെ കൈയ്യിലുണ്ട്, അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തത്, കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്’ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. എഡിജിപി തന്നെ മുഖ്യമന്ത്രിയുടെ അടക്കം ഫോൺ ചോർത്തുന്നു. മുഖ്യമന്ത്രി രാജിവച്ച് കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്നും ഗോവിന്ദൻ മാഷ് എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്? രാജിവെച്ച് കാശിക്ക് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ നടപടികൾക്ക് താങ്ങും തണലുമാകുന്നത് പി ശശിയും,എഡിജിപി അജിത്കുമാറുമാണ്. പി വി അൻവർ എംഎൽഎയുടെ ആരോപണം മുഖ്യമന്ത്രിയിലേക്കുള്ളതാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, തൃശൂർ പൂരം വിവാദത്തിലും സുരേന്ദ്രൻ പ്രതികരണം നടത്തുകയുണ്ടായി. VS സുനിൽ കുമാറിന്റേത് പരാജയപ്പെട്ടവരുടെ ദീനരോദനമാണെന്നും തെരഞ്ഞെടുപ്പിൽ തോറ്റതിന് തൃശൂർ പൂരത്തെ കുറ്റം പറയേണ്ട കാര്യമില്ല, അത് സുരേഷ് ഗോപിയെ തെരഞ്ഞെടുത്ത വോട്ടർമാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗൗരവതരമായ ആരോപണങ്ങളിൽ നിന്ന് അനാവശ്യമായി ശ്രദ്ധ തിരിക്കരുതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.