‘ആരോപണം വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും’: നിവിൻ പോളി
പീഡന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടൻ നിവിൻ പോളി. പീഡന ആരോപണം വ്യാജമാണെന്ന് നിവിൻ പോളി വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകും. കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവരാൻ നിയമനടപടി സ്വീകരിക്കുമെന്നും നിവിൻ പോളി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടൻ നിവിൻ പോളി ഉൾപ്പെടെ ആറുപേർക്ക് എതിരെ കേസെടുത്തത്. നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ എറണാകുളം ഊന്നുകൽ പോലീസ് ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. നിവിൻ പോളി ആറാം പ്രതിയാണ്. തൃശൂർ സ്വദേശിയായ എ കെ സുനിലും കേസിൽ പ്രതിയാണ്.അന്വേഷണം SITക്ക് കൈമാറി.
കഴിഞ്ഞ നവംബറിൽ ആണ് സംഭവമെന്നും പരാതിക്കാരി. ആറു ദിവസം യുവതിയെ തടവിൽ പാർപ്പിക്കുകയും മയക്കുമരുന്നു നൽകി പീഡിപ്പിക്കുകയും ചെയ്തെന്നാണ് എഫ്ഐആർ. നിവിൻ പോളിയെ ആറാം പ്രതിയാക്കിയാണ് ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശ്രേയ, തൃശൂർ സ്വദേശിയായ നിർമാതാവ് എ കെ സുനിൽ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് ഒന്നുമുതൽ അഞ്ചുവരെ പ്രതിപ്പട്ടികയിലുള്ളത്.