നടൻ ജയസൂര്യയ്‌ക്കെതിരായ പരാതി; പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്
നടൻ ജയസൂര്യ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി തൊടുപുഴ പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായി നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പും നടത്തും. 2013 ൽ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. പരാതിയിൽ കരമന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ പുറത്തു പറഞ്ഞുകൊണ്ട് ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെയുള്ളവരും നടികളും രംഗത്തുവന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ നടി 2013 ൽ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്ത് ടോയലറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ നടൻ പിന്നിൽ നിന്ന് കടന്ന് പിടിച്ചെന്നാണ് പരാതി. ആദ്യം നടന്‍റെ പേര് വെളിപ്പെടുത്താതിരുന്ന നടി പിന്നീട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പേര് വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് മുന്നിലും ജയസൂര്യയാണ് തന്നോട് ലൈംഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു.
നടിയുടെ പരാതിയിൽ കരമന പൊലീസ് കേസെടുത്തു. കുറ്റകൃത്യം നടന്നത് തൊടുപുഴ ആയതിനാലാണ് കേസ് തൊടുപുഴയിലേക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്.
അതേസമയം, തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടൻ ജയസൂര്യ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിക്കുന്നു. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.
സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.