എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍; എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കും
എന്‍സിപിയില്‍ മന്ത്രിമാറ്റത്തിനായി നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് വിവരം. ഇന്നലെ കൊച്ചിയില്‍ എന്‍സിപി പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നിരുന്നു. തോമസ് കെ തോമസും പി സി ചാക്കോയും ഉള്‍പ്പെടെ യോഗത്തില്‍ മന്ത്രി മാറ്റത്തിനുള്ള ആവശ്യം ശക്തമായി ഉയര്‍ത്തിയെന്നാണ് വിവരം. ഇക്കാര്യം ഉടന്‍ ശരദ് പവാറിനെ നേരില്‍ കണ്ട് ധരിപ്പിക്കും
പി സി ചാക്കോ ഡല്‍ഹിയിലെത്തി ഈ മാസം അഞ്ചിന് ശരദ് പവാറിനെ കാണുമെന്നും വിവരമുണ്ട്. മന്ത്രി സ്ഥാനമൊഴിയാന്‍ എ കെ ശശീന്ദ്രനുമേല്‍ എന്‍സിപി സംസ്ഥാന നേതൃത്വം ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്. ശരദ് പവാര്‍ എ കെ ശശീന്ദ്രനുമായി സംസാരിക്കുമെന്നാണ് വിവരം. എന്നാല്‍ തന്റെ അറിവില്‍ അങ്ങനെ യാതൊരു നീക്കവും നടന്നിട്ടില്ലെന്നും മന്ത്രി സ്ഥാനമൊഴിയാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
തോമസ് കെ തോമസ് പക്ഷം രണ്ടരവര്‍ഷത്തെ ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം മാറണമെന്ന ആവശ്യം എന്‍സിപിയില്‍ ശക്തമായി ഉന്നയിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയോടും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോയും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടേ എന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.